യാത്രക്കാരന്റെ കൈയ്യിൽ നിന്നും വിമാനത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ വീണു; നീക്കം ചെയ്യാതെ വിമാനം പറക്കില്ലെന്ന് എയർഹോസ്റ്റസ്; സോഷ്യൽമീഡിയയിലും വാഗ്വാദം

അറ്റ്ലാന്റ: വിമാനയാത്രകൾ വൈകുന്നതും മുടങ്ങുന്നതിനും പല കാരണങ്ങളുണ്ടാകാം. എഞ്ചിൻ തകരാറും പ്രതികൂല കാലാവസ്ഥയും ഉൾപ്പടെ പല കാരണങ്ങളുമുണ്ടാകാം. എന്നാൽ, വിമാനത്തിൽ വീണ ഭക്ഷണാവശിഷ്ടത്തിന്റെ പേരിൽ വിമാനം മണിക്കൂറുകൾ വൈകിയ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്.

യുഎസിലെ അറ്റ്ലാന്റയിൽ നിന്ന് ടെക്സാസിലേക്ക് പുറപ്പട്ട സൗത്ത് വെസ്റ്റ് വിമാനത്തിലാണ് ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ സംഭവം നടന്നത്. അജ്ഞാതനായ യാത്രക്കാരന്റെ കൈയ്യിൽ നിന്നും വീണ ഭക്ഷണം നീക്കം ചെയ്യാതെ ടേക്ക് ഓഫ് അനുവദിക്കില്ലെന്ന് എയർ ഹോസ്റ്റസ് തീരുമാനമെടുക്കുകയായിരുന്നു.

അരി കൊണ്ടുള്ള ഭക്ഷണം വിമാനത്തിലെ പാസേജിൽ വീണുകിടക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട എയർഹോസ്റ്റസ് ക്ഷുഭിതയാവുകയും ആരാണ് അത് ചെയ്തതെന്ന് ചോദിക്കുകയുമായിരുന്നു. എന്നാൽ ആരാണ് ഭക്ഷം കളഞ്ഞതെന്ന് വ്യക്തമായില്ല. തുടർന്ന് ഭക്ഷണം നിലത്തുവീഴ്ത്തിയ ആൾ തന്നെ വൃത്തിയാക്കണമെന്ന് എയർ ഹോസ്റ്റസ് വാശി പിടിച്ചു.

എന്നിട്ടും യാത്രക്കാരിൽ നിന്നും ആരും തന്നെ മറുപടി നൽകിയില്ല. ആരാണിത് ചെയ്തതെന്നും വ്യക്തമാക്കിയില്ല. ഇതോടെ വിമാന ജീവനക്കാരി തന്നെ ഭക്ഷണാവശിഷ്ടം വൃത്തിയാക്കി. യാത്രക്കാരെ ചീത്തവിളിച്ചാണ് ഇവർ തന്റെ ജോലി ചെയ്തതെന്ന് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പറയുന്നു.

ALSO READ- വിവാഹത്തിന് മുമ്പ് യുവതികള്‍ക്ക് നിര്‍ബന്ധ ഗര്‍ഭ പരിശോധന, വന്‍വിവാദത്തിലായി ബിജെപി സര്‍ക്കാര്‍

ഈ സംഭവങ്ങളെല്ലാം യാത്രക്കാർ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വലിയ ചർച്ചകൾ തുടങ്ങിയത്. വിമാനത്തിലെ ജീവനക്കാരെ പിന്തുണച്ച് ചിലരെത്തിയപ്പോൾ വിമർശിച്ചും പലരുമെത്തി.

വിമാന ജീവനക്കാരും മനുഷ്യരാണെന്നും അവർക്കും ക്ഷീണവും ബുദ്ധിമുട്ടും ഉണ്ടാകുമെന്നും ആളുകൾ പറയുന്നു. എന്നാൽ വിമാനത്തിനുള്ളിൽ കയറുമ്പോൾ തന്നെ തറയിൽ മാലിന്യം കിടന്നിരുന്നെന്നാണ് ചില യാത്രക്കാരുടെ പ്രതികരണം.

Exit mobile version