ഇലോണ്‍ മസ്‌കിനെതിരെ ലൈംഗികാരോപണവുമായി എയര്‍ഹോസ്റ്റസ്‌

ന്യൂയോര്‍ക്ക് : ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനെതിരെ ലൈംഗിക ആരോപണം. സ്‌പേസ് എക്‌സിന്റെ കോര്‍പറേറ്റ് ജെറ്റ് ഫ്‌ളൈറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന എയര്‍ ഹോസ്റ്റസ് ആണ് പരാതിക്കാരി. 2016ല്‍ വിമാനത്തില്‍ മസ്‌ക് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇക്കാര്യം പുറത്തറിയിക്കാതിരിക്കാന്‍ 2,50,000 ഡോളര്‍ നല്‍കിയെന്നുമാണ് ആരോപണം.

വിമാനയാത്രയ്ക്കിടെ സ്വകാര്യ മുറിയില്‍ വിളിച്ചു വരുത്തി മസ്‌ക് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി ആരോപിക്കുന്നത്. ഒരു സുഹൃത്ത് വഴിയാണ് ഇവരുടെ വെളിപ്പെടുത്തല്‍. “വിമാനയാത്രയ്ക്കിടെ ഫുള്‍ ബോഡി മസാജിനായി മസ്‌ക് അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിച്ചു. ചെറിയ ഷീറ്റ് ധരിച്ചിരുന്നതൊഴിച്ചാല്‍ പൂര്‍ണ നഗ്നനായിരുന്നു മസ്‌ക്. മസാജിനിടെ മസ്‌ക് അനുവാദമില്ലാതെ കാലുകളില്‍ തലോടാന്‍ തുടങ്ങി. തുടര്‍ന്ന് സ്വകാര്യ ഭാഗം തുറന്നുകാട്ടി. വഴങ്ങിയാല്‍ കുതിരയെ വാങ്ങി നല്‍കാമെന്നും പറഞ്ഞു”. എയര്‍ ഹോസ്റ്റസിന്റെ സുഹൃത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സ്‌പേസ് എക്‌സില്‍ ഫ്‌ളൈറ്റ് ജീവനക്കാരിയായി ജോലിക്ക് ചേര്‍ന്നതില്‍ പിന്നെ മസാജ് ചെയ്യുന്നതിനുള്ള ലൈസന്‍സ് എടുക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നതായും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. മസ്‌കിന്റെ ലൈംഗിക താല്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ കമ്പനി തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്നും ഇതിന് വിസമ്മതിച്ചതോടെ നിരവധി തവണ തന്റെ യാത്രകള്‍ വെട്ടിക്കുറച്ചിരുന്നുവെന്നും യുവതി ആരോപിക്കുന്നു.

അതേസമയം ആരോപണത്തെ രാഷ്ട്രീയ പ്രേരിതമെന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്. തന്നെ പൂര്‍ണനഗ്നനായി കണ്ടുവെന്ന് പറയുന്ന വ്യക്തിക്ക് തന്റെ ശരീരത്തില്‍ താന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും ഒരു ടാറ്റുവിനെയോ പാടിനെയോ പറ്റി വിശദീകരികരിക്കാന്‍ കഴിയുമെങ്കില്‍ സംഭവം വിശ്വസിക്കാമെന്ന് മസ്‌ക് ട്വിറ്ററില്‍ വെല്ലുവിളിച്ചു.

Exit mobile version