തറാവീഹ് നിസ്‌കാരത്തിനിടെ ദേഹത്ത് കയറിയ പൂച്ചയെ കൊഞ്ചിച്ച് ഇമാം: ആദരമൊരുക്കി അള്‍ജീരിയന്‍ ഗവണ്‍മെന്റ്

അള്‍ജീരിയ: തറാവീഹ് നിസ്‌കാരത്തിനിടെ ദേഹത്ത് കയറിയ പൂച്ചയെ കൊഞ്ചിച്ച് വൈറലായ ഇമാമിനെ ആദരിച്ച് അള്‍ജീരിയന്‍ ഗവണ്‍മെന്റ്. അബൂബക്ര് അല്‍ സിദ്ദീഖ് മസ്ജിദിലെ ഇമാം ഷെയ്ഖ് വലീദ് മഹ്സാസിനെയാണ് ഗവണ്‍മെന്റ് ആദരിച്ചത്. ബുര്‍ജ ബൂ അരീരീജ് നഗരത്തിലാണ് മഹ്സാസിന്റെ മസ്ജിദ് സ്ഥിതി ചെയ്യുന്നത്.

വലീദ് മഹ്‌സാസിന്റെ ചുമലില്‍ കയറി പൂച്ച കുസൃതി കാണിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. മൃഗങ്ങളോടുള്ള വാത്സല്യത്തിന്റെയും അനുകമ്പയുടെയും ഇസ്ലാമിക പാഠങ്ങള്‍ കൈമാറിയതിനാലാണ് അള്‍ജീരിയ ഇദ്ദേഹത്തെ അനുമോദിച്ചത്.

നമസ്‌കാരം നടക്കുന്നതിനിടയില്‍ ആദ്യം ഇമാമിന് ചുറ്റും നടന്ന പൂച്ച അദ്ദേഹത്തിന്റെ കൈയിലേക്ക് ചാടിക്കയറുകയായിരുന്നു. ഇമാം പൂച്ചയെ വാത്സല്യത്തോടെ ചേര്‍ത്തുപിടിച്ച് നമസ്‌കാരം തുടര്‍ന്നത് വീഡിയോയില്‍ കാണാം.

തുടര്‍ന്ന് ചുമലിലേക്ക് കയറിയ പൂച്ച പിന്നീട് ചാടിപ്പോയി. ഇമാം സാധാരണ പോലെ നമസ്‌കാരം തുടര്‍ന്നു. നമസ്‌കാരത്തിന്റെ ലൈവ് ബ്രോഡ്കാസ്റ്റിങ് നടക്കുന്നതിനിടെയാണ് പൂച്ചയുടെ കുസൃതി. പൂച്ചയോടുള്ള ഇമാമിന്റെ പെരുമാറ്റത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തുവന്നത്.

Exit mobile version