പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; മുന്‍ ഇമാം കുറ്റം സമ്മതിച്ചതായി പോലീസ്

തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനത്തില്‍ പെണ്‍കുട്ടിയെ കണ്ടെന്നും വാക്കുതര്‍ക്കമുണ്ടായെന്നും ഇമാം പോലീസിന് മൊഴി നല്‍കി.

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ മുന്‍ ഇമാം ഷെഫീക്ക് ഖാസ്മി കുറ്റം സമ്മതിച്ചതായി പോലീസ്. പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് ഇമാം വാഹനത്തില്‍ കയറ്റിയത്. തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനത്തില്‍ പെണ്‍കുട്ടിയെ കണ്ടെന്നും വാക്കുതര്‍ക്കമുണ്ടായെന്നും ഇമാം പോലീസിന് മൊഴി നല്‍കി.

ഇന്നലെ മധുരയില്‍ നിന്നുമാണ് ഷെഫീക്ക് ഖാസ്മിയെയും സഹായി ഫാസിലിനെയും പിടികൂടിയത്. ഷെഫീക്ക് ഖാസ്മിയെ ഇന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സ്ഥലത്തുകൊണ്ടുപോയി തെളിവെടുപ്പ് നടത്തിയേക്കും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയാല്‍ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും എന്നാണ് സൂചന.

കോയമ്പത്തൂര്‍, ഊട്ടി, വിജയവാഡ എന്നിവടങ്ങളിലാണ് ഇമാം ഫെഫീക്ക് ഖാസ്മി ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇമാമിന്റെ സഹോദരന്‍ പെരുമ്പാവൂര്‍ സ്വദേശിയായ നൗഷാദാണ് എല്ലാ സഹായങ്ങളും ചെയ്തിരുന്നത്. ഒരു ലോഡ്ജില്‍ നിന്നും കിട്ടിയ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘമായ റൂറല്‍ ഷാഡോ പോലീസിന് പിടിവള്ളിയായത്.

ഇമാമിനൊപ്പമുണ്ടായിരുന്ന സഹായി ഫാസിലിന്റെ കാറില്‍ പകല്‍ കറങ്ങിയ ശേഷം രാത്രിയില്‍ ലോഡ്ജില്‍ മുറിയെടുക്കുമായിരുന്നു. ഫാസിലിന്റെ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ചാണ് മുറിയെടുത്തത്. ഫാസിലിന്റെ ഫോണ്‍ ഉപയോഗിച്ചാണ് ഫെഫീക്ക് ഖാസ്മിയെ മറ്റുള്ളവരെ വിളിച്ചിരുന്നത്. സഹോദരനായ നൗഷാദിന്റെ ബിസിനസ് സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്ക് ഇമാമിനുവേണ്ടിയുള്ള പണം ബന്ധുക്കളും സുഹൃത്തുകളും കൈമാറിയിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

നൗഷാദിനെ കോയമ്പത്തൂരില്‍ നിന്നും പിടികൂടിയപ്പോഴാണ് ഇമാമിന്റെ സഹായത്തിനായി നില്‍ക്കുന്ന ഫാസിലിനെ കുറിച്ച് പോലീസ് അറിയുന്നത്. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇമാം മധുരയിലുണ്ടെന്ന് കണ്ടെത്തി. മധുരയില്‍ വാഹനത്തില്‍ കറങ്ങുമ്പോഴാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇമാമിനെയും ഫാസലിനെയും പിടികൂടുന്നത്.

Exit mobile version