ആരുടേയും താങ്ങും തണലും ഇല്ലാതെ സ്വന്തമായി ജീവിക്കാന്‍; ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച തന്റെ മക്കള്‍ക്കായി ഐസ്‌ക്രീം ട്രക്ക് വാങ്ങി നല്‍കി അച്ഛന്‍, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

റിറ്റയേര്‍ഡ് സയന്‍സ് ടീച്ചറായ വേഗ്നര്‍ക്ക് ജോഷ്, മേരി കെയ്റ്റ് എന്നിങ്ങനെ പേരുള്ള രണ്ട് മക്കളാണുളളത്.

ice-cream-truck

മാനസിക വെല്ലുവിളി നേരിടുന്ന മക്കള്‍ പലര്‍ക്കും ഭാരമായി മാറുമ്പാള്‍ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച തന്റെ രണ്ട് മക്കളേയും നെഞ്ചോട് ചേര്‍ത്ത് അഭിമാനത്തോടെ ജീവിക്കുകയാണ് ഒരു അച്ഛനും അമ്മയും. ജോയല്‍ വേഗ്നര്‍ എന്ന 61 കാരനാണ് സുഖമില്ലാത്ത തന്റെ രണ്ട് മക്കളെയും സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ പോരാടുന്നത്.

റിറ്റയേര്‍ഡ് സയന്‍സ് ടീച്ചറായ വേഗ്നര്‍ക്ക് ജോഷ്, മേരി കെയ്റ്റ് എന്നിങ്ങനെ പേരുള്ള രണ്ട് മക്കളാണുളളത്. പെരുമാറ്റത്തില്‍ മറ്റുള്ള കുട്ടികളില്‍ നിന്നും വ്യത്യസ്തരായ ഇവര്‍ സമൂഹത്തില്‍ ഒറ്റപ്പെടാതിരിക്കാന്‍, ഇവര്‍ക്ക് ഒരു സ്ഥിരം തൊഴില്‍ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു വേഗ്നര്‍.

ഒടുവില്‍ ആരുടേയും താങ്ങും തണലും ഇല്ലാതെ മക്കള്‍ സ്വയം പ്രാപ്തരാകാന്‍ അദ്ദേഹം കണ്ടെത്തിയത് ഒരു ഐസ്‌ക്രീം ട്രക്ക് ആയിരുന്നു. 6000 ഡോളറിന് ഓണ്‍ലൈനായാണ് ട്രക്ക് വാങ്ങിയത്. ചില അറ്റകുറ്റപ്പണികള്‍ക്ക് ശേഷം അതൊരു ഐസ്‌ക്രീം ട്രക്ക് ആയി മാറ്റുകയായിരുന്നു. പിന്നീട് വേഗ്നറുടെ ഭാര്യയുടെ നിര്‍ദേശപ്രകാരം പുതിയ സംരഭത്തിന് ‘സ്‌പെഷ്യല്‍ നീറ്റ്‌സ് ട്രീറ്റ്‌സ്’ എന്ന് പേരിടുകയും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മക്കളുടെ ജീവിതം തന്നെ മാറ്റിമറിച്ച ബിസിനസ് ആരംഭിക്കുകയും ചെയ്തു.

അദ്ദേഹത്തെ ഞെട്ടിച്ചുകൊണ്ട് സാധാരണക്കാര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ട്രക്കിന് ലഭിച്ചത്. മാത്രമല്ല ബിസിനസിലൂടെ കുട്ടികള്‍ക്കും നല്ല മാറ്റം ഉണ്ടായതായി വേഗ്നര്‍ പറയുന്നു. കടയില്‍ വരുന്നവരോടുള്ള ആശയവിനിമയത്തിലൂടെ കുട്ടികളുടെ സംസാരത്തിലും പെരുമാറ്റത്തിലും നല്ല മാറ്റം വന്നു. ഇപ്പോള്‍ മക്കളെ കുറിച്ചോര്‍ത്ത് അഭിമാനത്തോടെയാണ് വേഗ്നറും ഭാര്യയും ജീവിക്കുന്നത്.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്താതെ അവര്‍ക്കൊപ്പം നിന്ന് മുന്‍നിരയിലേക്ക് കൊണ്ടുവരണമെന്നാണ് വേഗ്നറും ഭാര്യയും നമ്മെ ഓര്‍മിപ്പിക്കുന്നത്. ഇത്തരം അസുഖങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പ്രതീക്ഷയും പ്രചോദനവുമാവുകയാണ് ജോഷിന്റേയും മേരി കെയ്റ്റിന്റേയും ജീവിതം.

Exit mobile version