പത്താം ക്ലാസ് പോലും വിജയിച്ചില്ല; ബസ് പോലും ഓടിക്കാനറിയില്ല; എന്നിട്ടും വിമാനം പറത്തുന്ന പൈലറ്റുമാരായി ആകാശത്ത് വിലസല്‍; അമ്പരപ്പിക്കും ഈ കണക്കുകള്‍

ലാഹോര്‍:ഉയര്‍ന്ന മാര്‍ക്കോടെ പഠിച്ചു വിജയിച്ച മിടുക്കര്‍ മാത്രം എത്തിപ്പെടുമെന്ന് കരുതുന്ന പൈലറ്റ് പോലെയുള്ള ഉന്നതജോലികളിലും കൃത്രിമം നടക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍. പാകിസ്താനിലെ സംഭവമാണ് പറഞ്ഞുവരുന്നത്. അവിടെ, സര്‍ക്കാര്‍ എയര്‍ലൈന്‍സില്‍ പത്താം തരം പോലും പാസാകാത്തവരാണു ഇന്നു പൈലറ്റായി വിലസുന്നത്.

ഞെട്ടിക്കുന്ന ഈ രേഖകള്‍ രാജ്യത്തെ ദേശീയ വിമാനക്കമ്പനി പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെയാണു പൈലറ്റുമാരുടെ യോഗ്യത പുറത്തറിഞ്ഞത്.

സുപ്രീം കോടതിയില്‍ പിഐഎ നല്‍കിയ റിപ്പോര്‍ട്ടില്‍ ഏഴ് ഉദ്യോഗസ്ഥരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായിരുന്നു, അതില്‍ അഞ്ചു പേരാകട്ടെ പത്താം ക്ലാസ് പോലും പാസ്സാകാത്താവര്‍. രേഖകള്‍ ഹാജരാക്കാതിരുന്ന 50 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി പിഐഎ കോടതിയെ അറിയിച്ചു.

ആയിരക്കണക്കിനു ജനങ്ങളുടെ ജീവന്‍വെച്ച് പന്താടിയ വിമാനക്കമ്പനിക്ക് എതിരെ ജനരോഷം ഉയര്‍ന്നിരിക്കുകയാണ്. പ്രാഥമിക വിദ്യാഭ്യാസമില്ലാത്ത, ബസ് പോലും ഓടിക്കാന്‍ വശമില്ലാത്തവരാണ് വിമാനം പറപ്പിക്കാന്‍ വന്നതെന്ന് അറിഞ്ഞ ജസ്റ്റിസ് ജസുല്‍ അഹ്‌സാന്‍ അമ്പരന്നു എന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ എയര്‍ ഇന്ത്യയുടെ അതേ അവസ്ഥയിലൂടെയാണ് പിഐഎയും കടന്നുപോകുന്നത്. 36,000 കോടി രൂപയിലേറെ നഷ്ടമാണ് കഴിഞ്ഞ ജൂണ്‍ അവസാനത്തോടെ പിഐഎയ്ക്കുണ്ടായത്. ഭരണം മാറിയിട്ടും പിഐഎയ്ക്ക് കൈത്താങ്ങാകാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Exit mobile version