എന്റെ എക്സ്പയറി ഡേറ്റ് അടുത്തു! വീല്‍ച്ചെയറില്‍ അഭയം തേടി ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണ്‍

സ്പോര്‍ട്സ് ലോകത്തെ ഇതിഹാസ താരമാണ് മൈക്ക് ടൈസണ്‍. ബോക്സിങ് റിങ്ങിനെ കിടിലം കൊള്ളിച്ച് എതിരാളികളെ നിഷ്പ്രഭനാക്കിയിരുന്ന ഇതിഹാസ താരം ഇന്ന് വീല്‍ചെയറിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്.

താരത്തെ ഇപ്പോള്‍ പരിക്കും രോഗങ്ങളും വിടാതെ പിന്തുടര്‍ന്നിരിക്കുകയാണ്. 56കാരനായ താരത്തിന് മുതുകിനേറ്റ പരിക്കാണ് സാരമായി ബാധിച്ചിരിക്കുന്നത്. വാക്കിങ് സ്റ്റിക് ഉപയോഗിച്ച് നടന്നിരുന്ന ടൈസണിപ്പോള്‍ നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീല്‍ ചെയര്‍ ഉപയോഗിച്ച് സഞ്ചരിക്കുന്ന മൈക്ക് ടൈസണിന്റെ ചിത്രങ്ങളാണിപ്പോള്‍ വൈറലാവുന്നത്.

നമ്മളെല്ലാവരും ഒരുദിവസം മരിക്കും. ഞാന്‍ ഇപ്പോള്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ ആ പാടുകള്‍ കാണുന്നുണ്ട്. വൗ എന്നാണ് ഞാനപ്പോള്‍ പറയാറുള്ളത്. അതിനര്‍ത്ഥം എന്റെ എക്സ്പയറി ഡേറ്റ് അടുത്ത് വരികയാണ്, ഉടന്‍ തന്നെ അതുണ്ടാവും, എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

എന്നാല്‍ അദ്ദേഹത്തിന്റെ പരിക്ക് അത്രത്തോളം സാരമുള്ളതല്ല എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മുഹമ്മദ് അലിക്ക് ശേഷം ബോക്സിങ് റിങ് ഇത്രത്തോളം അടക്കി ഭരിച്ച ഒരു താരവും ഉണ്ടായിട്ടില്ല.

2005ല്‍ കെവിന്‍ മക്ബ്രൈഡിനോട് പരാജയപ്പെട്ടതിന് പിന്നാലെ റിങ്ങിനോട് വിടപറഞ്ഞ ടൈസണ്‍ 2020ല്‍ ഒരിക്കല്‍ക്കൂടി റിങ്ങിലേക്കെത്തിയിരുന്നു. റോയ് ജോണ്‍സിനെതിരായ ആ പ്രദര്‍ശന മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

Exit mobile version