യുഎസില്‍ ഗര്‍ഭച്ഛിദ്രം വിലക്കി സുപ്രീം കോടതി വിധി : ദുഃഖദിനമെന്ന് ബൈഡന്‍

US | Bignewslive

വാഷിംഗ്ടണ്‍ : യുഎസില്‍ ഗര്‍ഭച്ഛിദ്രത്തിന് നിയമസാധുത നല്‍കുന്ന റോ വേഴ്‌സസ് വെയ്ഡ് കേസിലെ വിധി സുപ്രീം കോടതി റദ്ദാക്കി. ഗര്‍ഭച്ഛിദ്രം അവകാശമല്ലാതാക്കിയുള്ള വിധി സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ചാണ് പ്രഖ്യാപിച്ചത്. ആറ് ജഡ്ജിമാര്‍ വിധിയെ അനുകൂലിച്ചപ്പോള്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ വിയോജിച്ചു.

ഗര്‍ഭച്ഛിദ്രം നടത്താന്‍ സ്ത്രീകള്‍ക്കുള്ള ഭരണഘടനാപരമായ അവകാശം അംഗീകരിക്കുന്ന വിധി ആയിരുന്നു 1973ലെ റോ വേഴ്‌സസ് വെയ്ഡ് കേസ് വിധി. ഈ വിധി റദ്ദാക്കിയതോടെ 50 സംസ്ഥാനങ്ങളില്‍ പകുതിയും ഗര്‍ഭച്ഛിദ്രം നിയമം മൂലം നിരോധിക്കേണ്ടതായി വരും. മിസ്സിസ്സിപ്പി ഉള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ ഇതിനകം തന്നെ ഗര്‍ഭച്ഛിദ്ര നിരോധന നിയമം നിലവിലുണ്ട്. ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമല്ലാതായതോടെ ഈ നിയമങ്ങള്‍ പൂര്‍ണതോതില്‍ പ്രാബല്യത്തിലായി.

വിധിയ്‌ക്കെതിരെ സമ്മിശ്ര പ്രതികരണമാണ് യുഎസിലെങ്ങും. യുഎസിനെ 150 വര്‍ഷം പിന്നോട്ടടിക്കുന്ന വിധിയാണ് സുപ്രീം കോടതിയുടേതെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വിധിയോട് പ്രതികരിച്ചത്. രാജ്യത്തിനും ജുഡീഷ്യറിക്കും ഇത് ദുഃഖദിനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം ശരീരത്തിന് മേല്‍ പോലും സ്ത്രീകള്‍ക്ക് പൂര്‍ണ അവകാശമില്ലാതാക്കുന്ന, അവരുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണ് വിധിയെന്ന് വനിതാ സംഘടനകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ യാഥാസ്ഥിതികരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വിധിയെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. ദൈവത്തിന്റെ വിധിയെന്നാണ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിധിയെ വിശേഷിപ്പിച്ചത്.

Exit mobile version