45കാരിയെ ഇടിച്ചുകൊന്നു : സുഡാനില്‍ മുട്ടനാടിന് മൂന്ന് വര്‍ഷം തടവ്

റംബെക് : നാല്പ്പത്തിയഞ്ചുകാരിയെ ഇടിച്ചുകൊന്ന കേസില്‍ സുഡാനില്‍ മുട്ടനാടിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ. ആദിയു ചാപ്പിങ്ങെന്ന സ്ത്രീയെ ഇടിച്ചുകൊന്നതിനാണ് ആടിന് തടവ് വിധിച്ചിരിക്കുന്നത്.

ഈ മാസമാദ്യമാണ് ആദിയു മുട്ടനാടിന്റെ ഇടിയേറ്റ് കൊല്ലപ്പെടുന്നത്. ഇതിന് പിന്നാലെ ലേക്‌സ് പോലീസ് ആടിനെ കസ്റ്റഡിയിലെടുത്തു. ലേക്ക്‌സിലെ അഡ്യുവല്‍ കൗണ്ടി ആസ്ഥാനത്തുള്ള സൈനിക ക്യാമ്പിലാവും ആടിന് തടവു ശിക്ഷ അനുഭവിക്കേണ്ടി വരിക. ആട് സ്ത്രീയെ ആക്രമിയ്ക്കുകയും പല തവണ നെഞ്ചില്‍ ഇടിയ്ക്കുകയും ചെയ്‌തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇടിയുടെ ആഘാതത്തില്‍ ആദിയുവിന്റെ വാരിയെല്ല് ഒടിഞ്ഞു. ചികിത്സയ്ക്കിടെ ആശുപത്രിയില്‍ വെച്ചാണ് ഇവര്‍ മരണമടയുന്നത്.

Also read : ‘ദാവൂദ് കറാച്ചിയിലുണ്ട്, രാജ്യം വിട്ടത് 1986ല്‍’ : സഹോദരീപുത്രന്റെ വെളിപ്പെടുത്തല്‍

ആടിന്റെ ശിക്ഷ കൂടാതെ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ആടിന്റെ ഉടമ മൂന്ന് പശുക്കളെ കൊടുക്കണമെന്നും കോടതി ഉത്തരവുണ്ട്‌. സംഭവത്തില്‍ ഉടമ നിരപരാധിയാണെന്നും ആടിനാണ് ശിക്ഷ നല്‍കേണ്ടതെന്നും മേയര്‍ ഏലിയാ മേബര്‍ അഭിപ്രായപ്പെട്ടു. ലേക്‌സ് സംസ്ഥാനത്തെ നിയമം അനുസരിച്ച് ഏതെങ്കിലും വളര്‍ത്തുമൃഗം ആരെയെങ്കിലും കൊലപ്പെടുത്തിയാല്‍ ഈ മൃഗം ആക്രമണത്തിനിരയാക്കപ്പെട്ടയാളുടെ കുടുംബത്തിന്റെ സ്വന്തമാകും. അതുകൊണ്ട് തന്നെ തടവു കഴിഞ്ഞാലും സ്വന്തം ഉടമയ്ക്ക് ആടിനെ കിട്ടില്ല.

Exit mobile version