റഷ്യൻ സൈനികർ ഇരച്ചെത്തി; നെഞ്ചുവിരിച്ച് നേരിട്ട് ഉക്രൈൻ ദമ്പതികൾ; വൈറലായി ദൃശ്യങ്ങൾ

കീവ്: റഷ്യൻ അധിനിവേശത്തിനിടെ ഉക്രൈനിലെ ഓരോ പൗരന്മാരും കടുത്ത ചെറുത്തുനിൽപ്പാണ് നടത്തുന്നത്. സ്വന്തം വീട്ടിലേക്ക് ഇരച്ചെത്തിയ റഷ്യൻ സൈനികരെ ധൈര്യപൂർവ്വം നേരിടുന്ന ദമ്പതികളുടെ ദൃശ്യങ്ങൾ ലോകത്തിന്റെ തന്നെ മനംകവരുകയാണ്. ഉക്രൈനിലെ മൈക്കോളീവ് ഒബ്ലാസ്റ്റ് പ്രവിശ്യയിലെ വോസ്‌നെസെൻസ്‌ക് ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്.

നാല് റഷ്യൻ സൈനികർ വീട്ടുവളപ്പിലേക്ക് അതിക്രമിച്ച് കയറിയതോടെ ധ്യവയസ്‌കനായ ഗൃഹനാഥൻ രോഷത്തോടെ സൈനികർക്ക് നേരെ ആക്രോശിച്ച് അടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അദ്ദേഹത്തിന് പിന്നാലെ ഭാര്യയെന്ന് തോന്നിക്കുന്ന സ്ത്രീയും സൈനികർക്ക് നേരെ പ്രതിഷേധമുയർത്തി.

നിരായുധരാണെങ്കിലും സ്വത്തുപേക്ഷിച്ചു പുറത്ത് പോകാൻ നിർബന്ധിച്ച സൈനികരെ ഇരുവരും ധൈര്യപൂർവ്വം നേരിട്ടെന്നാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ദമ്പതികളെ ഭയപ്പെടുത്താനായി സൈനികരിലൊരാൾ ആകാശത്തേക്ക് വെടിയുതിർത്തെങ്കിലും ഇരുവരും സൈനികരോട് ഇറങ്ങിപ്പോകനാണ് തിരികെ ആവശ്യപ്പെട്ടത്. ഇവരെ വീട്ടിൽ നിന്ന് പുറത്താക്കാനായി ദമ്പതികളുടെ വളർത്തുനായ സൈനികർക്ക് നേരെ കുരക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇരുകൂട്ടരും തർക്കം കുറച്ച് സമയം തുടർന്നെങ്കിലും ദമ്പതികളുടെ ആവശ്യം അംഗീകരിച്ച് സൈനികർ വീട് വിട്ട് തിരിച്ചുപോവുകയായിരുന്നു. വീട്ടുവളപ്പിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 1.6 ദശലക്ഷത്തിലധികം ആളുകൾ ദൃശ്യങ്ങൾ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് ദമ്പതികൾക്ക് അഭിനന്ദനവുമായി സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version