അധികൃതരുടെ കണ്ണ് വെട്ടിച്ച് വിമാനത്തില്‍ കയറി: ഒന്‍പത് വയസ്സുകാരന്‍ യാത്ര ചെയ്തത് 2,700 കിലോമീറ്റര്‍ ദൂരം

അധികൃതരുടെ കണ്ണ് വെട്ടിച്ച് വിമാനത്തില്‍ ഒളിച്ചുകടന്ന് ഒന്‍പത് വയസ്സുകാരന്‍
യാത്ര ചെയ്തത് 2,700 കിലോമീറ്റര്‍ ദൂരം. ബ്രസീല്‍ സ്വദേശിയായ ഇമ്മാനുവല്‍ മാര്‍ക്വെസ് ഡി ഒലിവേരയാണ് ആ വിരുതന്‍. ഇത്രയും ദൂരം ഒരു കുഞ്ഞുബാലന്‍ എങ്ങനെ യാത്ര ചെയ്തു എന്നുള്ളത് കൗതുകം തന്നെയാണ്.

ബ്രസീലിലെ മനൗസിലെ വീട്ടില്‍ നിന്ന് ഓടിപ്പോയ കുട്ടി ഗ്രേറ്റര്‍ സാവോപോളോയിലേക്കാണ് ഒളിച്ചുകടന്നത്. ലാതം എയര്‍ലൈന്‍സ് വിമാനത്തില്‍ കയറിയാണ് കുഞ്ഞു ഇമ്മാനുവല്‍ യാത്ര ചെയ്തത്. എങ്ങനെ ആരുടെയും കണ്ണില്‍ പെടാതെ യാത്ര ചെയ്യാമെന്ന് ഗൂഗിളില്‍ നോക്കിയതിന് ശേഷമാണ് ഇമ്മാനുവല്‍ യാത്ര ആരംഭിച്ചത്.

വിമാനത്തില്‍ കയറുന്നത് വരെ കുട്ടി ആരുടെയും ശ്രദ്ധയില്‍ പെട്ടില്ലായിരുന്നു. വിമാനത്താവളത്തിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളും മറികടന്നാണ് ഇമ്മാനുവല്‍ യാത്ര ചെയ്തിരിക്കുന്നത്. എന്നാല്‍ യാത്ര ആരംഭിച്ചതിന് ശേഷമാണ് ഒപ്പം ആരുമില്ലാത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പോലീസിനെയും ഗാര്‍ഡിയന്‍ഷിപ്പ് കൗണ്‍സിലിനെയും വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെക്കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചു.

Read Also: ‘ഓണ്‍ ദ സ്പോട്ട് ലൈസന്‍സ് സസ്പെന്‍ഷനാ… ചെന്നിട്ട് അപ്പോ ഇറങ്ങിക്കോണം..’: വിദ്യാര്‍ഥിനി ബസ്സില്‍ നിന്ന് വീണ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ സ്‌പോട്ടില്‍ നടപടി

അതേസമയം, കുട്ടിയുടെ വീട്ടിലും മകനെ കാണാതായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രി പത്തുമണിയോടെയാണ് കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത്. എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രേറ്റര്‍ക്കും എയര്‍ലൈന്‍സിനും എതിരെ കേസ് ഫയല്‍ ചെയ്യുമെന്നുമാണ് കുട്ടിയുടെ അമ്മ പ്രതികരിച്ചത്. മകന്‍ യാതൊരു രേഖകളുമില്ലാതെ എങ്ങനെ ഇത്രയും ദൂരം യാത്ര ചെയ്തതെന്നും കുട്ടിയുടെ അമ്മ ചോദ്യം ചെയ്തു. വിമാനത്താവള അധികൃതരും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുട്ടിയുടെ വീട്ടിലെ ചുറ്റുപാടിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. കുട്ടി ഏതെങ്കിലും തരത്തില്‍ ഗാര്‍ഹിക പീഡനം നേരിടുന്നുണ്ടോ എന്ന തരത്തിലും അന്വേഷണം നടന്നിരുന്നു. എന്നാല്‍ മറ്റ് ബന്ധുക്കളോടൊപ്പം സാവോപോളോയില്‍ താമസിക്കാനുള്ള ആഗ്രഹമാണ് കുട്ടിയെ ഇത്രയും ദൂരം യാത്രയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.

Exit mobile version