മീന്‍ കുടുങ്ങിയതാണെന്ന് കരുതി വല വലിച്ചുകയറ്റി; കണ്ടത് തുരുമ്പിച്ച വിമാനത്തിന്റെ എന്‍ജിന്‍; അമ്പരന്ന് മത്സ്യത്തൊഴിലാളികള്‍

കൊച്ചി: കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് വലയെറിഞ്ഞപ്പോള്‍ കിട്ടിയത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലില്‍ പതിച്ച വിമാനത്തിന്റെ ഭാഗങ്ങള്‍. മുനമ്പത്ത് നിന്നും ഞായറാഴ്ച കടലില്‍ പോയ സീലൈന്‍ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കാണ് വലയില്‍ വിമാനത്തിന്റെ തുരുമ്പിച്ച ഭാഗങ്ങള്‍ കിട്ടിയത്.

മീന്‍ കുടുങ്ങിയതാണെന്ന് കരുതി ആകാംഷയോടെയാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ നിന്നും വല വലിച്ചു കയറ്റിയത്. എന്നാല്‍ വലയില്‍ കുടുങ്ങിയ സാധനം കണ്ടപ്പോള്‍ ആകാംഷയെല്ലാം മാറി പകരം അമ്പരപ്പായി. വിമാനത്തിന്റെ ഭാഗങ്ങളാണെന്ന് സംശയം തോന്നിയ മത്സ്യത്തൊഴിലാളികള്‍ സാധനം കരയിലെത്തിച്ചു. മുനമ്പം അഴിമുഖത്തിനു വടക്ക് പടിഞ്ഞാറ് പുറംകടലില്‍ വെച്ചാണ് ഇതു വലയില്‍ കുടുങ്ങിയത്.

മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് 1500 കിലോഗ്രാം തൂക്കം കണക്കാക്കുന്ന യന്ത്രഭാഗം കരയിലെത്തിച്ചതിനു ശേഷം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഹെലികോപ്ടറിന്റെ എന്‍ജിന്‍ ആണോയെന്ന സംശയത്തെതുടര്‍ന്ന് നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡില്‍ വിവരമറിയിച്ചു. നേവിയും കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പോലീസും ഇന്റലിജന്റ്‌സ് ബ്യൂറോ ഉദ്യോഗസ്ഥരും ചേര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തി.

സ്ഥലത്തെത്തിയ നാവികസേനാ ഉദ്യോഗസ്ഥര്‍ ഇത് യുദ്ധവിമാനത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തി. 40വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന യുദ്ധവിമാനത്തിലെ ഭാഗമാണെന്നും നാവികസേനാ വക്താവ് അറിയിച്ചു.
എന്‍ജിന്‍ തുരുമ്പിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ ഏത് തരം യുദ്ധവിമാനത്തില്‍ ഉപയോഗിച്ചതാണ് ഇതെന്ന് കണ്ടെത്താന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version