ഡെൽറ്റ-ഒമിക്രോൺ വകഭേദങ്ങൾ ചേർന്ന ഡെൽറ്റക്രോൺ; പ്രത്യാഘാതം അറിയാൻ കൂടുതൽ പഠനം

നിക്കോഷ്യ: സൈപ്രസിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞു. ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ചേർന്ന പുതിയ വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്. വകഭേദത്തിന്റെ തീവ്രതയും വ്യാപനശേഷിയും തിരിച്ചറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് സൈപ്രസ് സർവകലാശാലയിലെ പ്രഫസർ ലിയോൺഡിയോസ് കോസ്ട്രിക്കസ് പറഞ്ഞു.

25 ഡെൽറ്റക്രോൺ കേസുകളാണ് കോസ്ട്രിക്കസും സഹപ്രവർത്തകരും സൈപ്രസിൽ കണ്ടെത്തിയത്. ഈ വകഭേദം കൂടുതൽ ഗുരുതരമാണോ വ്യാപനശേഷി കൂടിയതാണോ എന്നെല്ലാമുള്ള വിലയിരുത്തൽ നടക്കുകയാണ്.

‘നിലവിൽ ഇവിടെ ഡെൽറ്റയും ഒമിക്രോണും വ്യാപിക്കുന്നുണ്ട്. ഇവ രണ്ടും ചേർന്നതാണ് പുതിയ വകഭേദം. ഡെൽറ്റ ജീനോമിനുള്ളിൽ ഒമിക്രോണിന്റെ ജനറ്റിക് സിഗ്‌നേച്ചറുകൾ കണ്ടെത്തിയതിനാലാണ് ഡെൽറ്റക്രോൺ എന്ന പേരു നൽകിയത്’- കോസ്ട്രിക്കസ് പറയുന്നു.

Also Read-ദശാബ്ദങ്ങളായി മലയാളികളുടെ സ്വാദായി മാറിയ സപ്ലൈകോയുടെ ശബരി ബ്രാൻഡ് ടീ, നാല് വ്യത്യസ്ത രുചികളിൽ വിപണിയിൽ

കൂടുതൽ പരിശോധനക്കായി സാമ്പിളുകൾ ഗിനൈഡിലേക്ക് അയച്ചതായി അവർ അറിയിച്ചു. അതേസമയം, ഡെൽറ്റക്രോൺ ഇതുവരെ അന്താരാഷ്ട്ര ആരോഗ്യ സംഘടനകൾ അംഗീകരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.

Exit mobile version