സപ്ലൈകോ സെല്‍ഫി മത്സരവും ഓണ്‍ലൈന്‍ സെയില്‍സ് ആന്‍ഡ് ഹോം ഡെലിവറി ഉദ്ഘാടനവും ചൊവ്വാഴ്ച

തിരുവനന്തപുരം : കോവിഡ് കാലത്ത് ഉപഭോക്താക്കള്‍ക്ക് കൈത്താങ്ങാവാന്‍ സപ്ലൈകോ ആരംഭിച്ച പുതിയ ഓണ്‍ലൈന്‍ വില്‍പന-വിതരണ പദ്ധതി സപ്ലൈകേരളയുടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഉദ്ഘാടനം ചൊവ്വാഴ്ച (11-01-2022) രാവിലെ 9.30ന് ഫോര്‍ട്ട് പീപ്പിള്‍സ് ബസാറില്‍ ഭക്ഷ്യ പൊതുവിതരണ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ നിര്‍വഹിക്കും.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകുന്ന ചടങ്ങില്‍ വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി അഡ്വ.വി.ശിവന്‍കുട്ടിയാണ് ആദ്യത്തെ ഓണ്‍ലൈന്‍ ഓര്‍ഡര്‍ നിര്‍വഹിക്കുക. നഗരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് നിലവില്‍ സേവനം ലഭ്യമാവുക. സപ്ലൈകോ വില്പനശാലകളിലെ സബ്‌സിഡി ഉത്പങ്ങള്‍ ഒഴികെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും ഹോം ഡെലിവറി വഴി ഉപഭോക്താക്കള്‍ക്ക് എത്തിക്കുക എന്നതാണ് സംരംഭം വഴി ലക്ഷ്യമിടുന്നത്.

ബ്രാന്റഡ് ഉല്‍പന്നങ്ങള്‍ക്ക് എംആര്‍പിയില്‍ നിന്നും 5 ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കിഴിവ് ഉണ്ടാകുന്നതാണ്. ഇത് കൂടാതെ ഏതൊരു ഓണ്‍ലൈന്‍ ബില്ലിനും അഞ്ച് ശതമാനം കിഴിവും സപ്ലൈകോ ഉറപ്പ് നല്‍കുന്നു. ഓരോ ആയിരം രൂപ അല്ലെങ്കില്‍ അതിന് മേല്‍ വരുന്ന ബില്ലിന് കിഴിവിനൊപ്പം ഒരു കിലോ ചക്കി ഫ്രഷ് ഹോള്‍ വീറ്റ് ആട്ടയും ഓരോ രണ്ടായിരം അല്ലെങ്കില്‍ അതിന് മേല്‍ വരുന്ന ബില്ലിന് അഞ്ച് ശതമാനം കിഴിവിനൊപ്പം 250 ഗ്രാം ശബരി ഗോള്‍ഡ് തേയിലയും ഓരോ അയ്യായിരം രൂപ അല്ലെങ്കില്‍ അതിന് മേല്‍ വരുന്ന ബില്ലിന് അഞ്ച് ശതമാനം കിഴിവിനൊപ്പം ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്ററിന്റെ പൗച്ചും സപ്ലൈകോ സൗജന്യമായി നല്‍കുന്നതായിരിക്കും.

സപ്ലൈ കേരള എന്ന ആപ്പിലൂടെ തൊട്ടടുത്ത സപ്ലൈകോ ഔട്ട്‌ലെറ്റില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനാകും. ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11ന് തൃശ്ശൂരിലാണ് സപ്ലൈകോ സംസ്ഥാനത്ത് ഓണ്‍ലൈന്‍ വില്‍പനയുടെയും ഹോം ഡെലിവറിയുടെയും ആദ്യഘട്ടം ആരംഭിച്ചത്. തുടര്‍ന്ന് കോഴിക്കോടും പദ്ധതി തുടക്കം കുറിച്ചു.

സപ്ലൈകേരളയുടെ ജില്ലാ തല ഉദ്ഘാടനത്തോടൊപ്പം സപ്ലൈകോയുടെ സെല്‍ഫി എടുക്കൂ സമ്മാനം നേടൂ മത്സരത്തിനും നാളെ തിരുവന്തപുരത്ത് തുടക്കം കുറിക്കും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ എസ്.ആര്യ രാജേന്ദ്രനാണ് മത്സരം ഉദ്ഘാടനം ചെയ്യുന്നത്. നാളെ മുതല്‍ മാര്‍ച്ച് 31 വരെയാണ് മത്സരം. സപ്ലൈകോ ജീവനക്കാരൊഴികെ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമുണ്ട്.

മത്സരത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് :

1. അടുത്തുള്ള സപ്ലൈകോ സ്‌റ്റോറില്‍ നിന്നോ സപ്ലൈകേരള ആപ്പ് വഴിയോ ഏതെങ്കിലും ഒരു ശബരി ഉത്പന്നം വാങ്ങുക. (ബില്‍ കൈവശം വയ്ക്കാന്‍ ശ്രദ്ധിക്കണം).
2. വാങ്ങിയ ഉത്പന്നത്തിനൊപ്പമുള്ള സെല്‍ഫി എടുക്കുക.
3. ഉത്പന്നവും മത്സരത്തില്‍ പങ്കെടുക്കുന്നയാളുടെ മുഖവും സെല്‍ഫിയില്‍ കൃത്യമായി പതിഞ്ഞിരിക്കണം.
4. പകര്‍ത്തിയ ചിത്രം എഡിറ്റ് ചെയ്യാതെ തന്നെ സപ്ലൈകോയുടെ ഫേസ്ബുക്ക് മെസഞ്ചര്‍ വഴി അയയ്ക്കുക.
5. ചിത്രം സപ്ലൈകോയുടെ ഔദ്യോഗിക എഫ്ബി പേജില്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
6. പങ്കെടുക്കുന്നവര്‍ സപ്ലൈകോ പോസ്റ്റ് ചെയ്തിരിക്കുന്ന തങ്ങളുടെ ചിത്രം സ്വന്തം അക്കൗണ്ട് വഴി ഷെയര്‍ ചെയ്യണം.
7. നിശ്ചിത സമയത്തില്‍ ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും ലഭിക്കുന്ന ചിത്രത്തിന് ആകര്‍ഷകമായ സമ്മാനങ്ങള്‍.

സമ്മാനങ്ങള്‍ :

1. ഒന്നാം സമ്മാനം – അയ്യായിരം രൂപ
2. രണ്ടാ സമ്മാനം – മൂവായിരം രൂപ

(ബില്ല് കൈവശം ഇല്ലാത്തവരെ സമ്മാനത്തിനായി പരിഗണിക്കുകയില്ല)

നിബന്ധനകള്‍

1. മൊബൈല്‍ ഫോണില്‍ എടുക്കുന്ന ചിത്രങ്ങള്‍ മാത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളൂ.
2. എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ സ്വീകരിക്കുന്നതല്ല.
3. സപ്ലൈകോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാകും മത്സരം നടക്കുക.
4. 2022 ജനുവരി 11 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് ചിത്രങ്ങള്‍ അയയ്‌ക്കേണ്ടത്.
5. യോഗ്യതയുള്ള ചിത്രങ്ങള്‍ സപ്ലൈകോയുടെ ഔദ്യോഗിക എഫ്ബി പേജില്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
6. ഓരോ ചിത്രത്തിനും ലഭിക്കുന്ന ലൈക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും വിധിനിര്‍ണയം. സപ്ലൈകോയുടെ ഫേസ്ബുക്ക് പേജിലൂടെ മുകളില്‍ പറഞ്ഞിരിക്കുന്ന സമയ പരിധിയ്ക്കുള്ളില്‍ ലഭിക്കുന്ന ലൈക്കുകള്‍ മാത്രമാണ് കണക്കാക്കുക. (മത്സരാര്‍ഥിയുടെ ഫേസ്ബുക്ക് ടൈംലൈനില്‍ അല്ല.)
7. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സപ്ലൈകോ പോസ്റ്റ് ചെയ്തിരിക്കുന്ന തങ്ങളുടെ ചിത്രം ഷെയര്‍ ചെയ്ത് പരമാവധി ലൈക്കും ഷെയറും ഉറപ്പ് വരുത്തണം.
8. മത്സരാര്‍ഥികള്‍ സപ്ലൈകോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും ഫോളോ ചെയ്യുകയും ചെയ്തിരിക്കണം.
9. പങ്കെടുക്കുന്നവര്‍ മത്സരം കഴിയുന്നതുവരെ വാങ്ങിയ ഉത്പന്നത്തിനൊപ്പമുള്ള ബില്ല് സൂക്ഷിക്കേണ്ടതുണ്ട്.
10. സപ്ലൈകോ ജീവനക്കാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതല്ല.
11. 2022 മാര്‍ച്ച് 31 ന് ശേഷം ഒരു എന്‍ട്രികളും സ്വീകരിക്കുകയില്ല.ഇതേ ദിവസം 4 മണിക്ക് ശേഷമുള്ള എന്‍ട്രികളും സ്വീകാര്യമല്ല.

Exit mobile version