തന്നെ പ്രസവിക്കാൻ അമ്മയെ അനുവദിച്ചു; ഡോക്ടറെ കോടതി കയറ്റി കോടികളുടെ നഷ്ടപരിഹാരം നേടി യുവതി

ലണ്ടൻ: അസുഖങ്ങളോടെ ജീവിക്കേണ്ടി വരുന്ന തന്റെ ജന്മത്തിന് കാരണമായ ഡോക്ടറെ കോടതി കയറ്റി യുവതി. തന്നെ പ്രസവിക്കാൻ അമ്മയെ അനുവദിച്ചതിനാണ് ഡോക്ടർക്ക് എതിരെ അശ്വഭ്യാസിയായ എവി ടൂംബ്‌സ് എന്ന 20കാരി പരാതി നൽകിയത്. ഒടുവിൽ കോടികളുടെ നഷ്ടപരിഹാരവും യുവതി നേടിയെടുത്തു.
യുകെയിലാണ് സംഭവം.

നട്ടെല്ലിനെ ബാധിക്കുന്ന ‘സ്പൈന ബിഫിഡ’ എന്ന ആരോഗ്യ പ്രശ്നമാണ് എവിക്കുള്ളത്. ‘ശരീരത്തിൽ ട്യൂബുകൾ ഘടിപ്പിച്ചാണ് ജീവിക്കുന്നത്. തന്റെ അമ്മയ്ക്ക് അവരുടെ ഡോക്ടർ ശരിയായ ഉപദേശം നൽകിയിരുന്നെങ്കിൽ താൻ ജനിക്കില്ലായിരുന്നു. ഇത്തരമൊരു ജീവിതം ജീവിക്കേണ്ടി വരില്ലായിരുന്നു’- എവി പറയുന്നു.

തനിക്ക് ഫോളിക് ആസിഡ് സപ്ലിമെന്റുകൾ കഴിക്കേണ്ട ആവശ്യമില്ലെന്നും മറ്റു പ്രശ്നങ്ങളൊന്നും ഗർഭധാരണത്തിൽ ഉണ്ടാകില്ലെന്നും ഡോക്ടർ പറഞ്ഞിരുന്നുവെന്ന് എവിയുടെ അമ്മ കോടതിയെ അറിയിച്ചു. എവിയുടെ വാദത്തെ ലണ്ടൻ ഹൈക്കോടതിയിലെ ജഡ്ജി റോസലിൻഡ് കോ ക്യുസി പിന്തുണച്ചു. അമ്മയെ ഡോക്ടർ ശരിയായി ഉപദേശിച്ചിരുന്നെങ്കിൽ ഗർഭധാരണം വൈകുമായിരുന്നുവെന്ന് ജഡ്ജി വിധിച്ചു.

Read also- പോരാളി തോൽക്കില്ല! കുഞ്ഞിനെ കടിച്ചെടുത്തു; പുലിയുടെ വായ പിളർത്തി കുഞ്ഞിന്റെ ജീവൻരക്ഷിച്ച് അമ്മ; ചികിത്സ ചെലവ് ഏറ്റെടുത്ത് മുഖ്യമന്ത്രി

വൈകിയുള്ള ഗർഭധാരണം സംഭവിച്ചിരുന്നെങ്കിൽ ആരോഗ്യമുള്ള കുട്ടിക്ക് ജന്മം നൽകാൻ അമ്മയ്ക്ക് സാധിക്കുമായിരുന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്. ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടപരിഹാരത്തിന് എവിയെ അർഹയാക്കിക്കൊണ്ടാണ് ഒടുവിൽ വിധി വന്നത്.

Exit mobile version