ക്രിസ്മസ് ലൈറ്റുകള്‍ ഇട്ട് വീട് അലങ്കരിച്ചു; അയല്‍വാസിയുടെ പരാതിയില്‍ കുടുംബത്തിന് 75,000 രൂപ പിഴ

ഡിസംബര്‍ മാസമായാല്‍ പിന്നെ വീടിന് മുന്‍പില്‍ ക്രിസ്മസ് സ്റ്റാറും ലൈറ്റുകളും ഇടുന്നത് സ്വാഭാവികമാണ്. എന്നാല്‍, യുഎസ്സിലെ ഫ്ലോറിഡയിലെ ഒരു കുടുംബത്തിന് വീടിന് പുറത്ത് ക്രിസ്മസ് ലൈറ്റുകള്‍ ഇട്ടതിന്റെ പേരില്‍ 75,000 രൂപ പിഴയിട്ടിരിക്കുകയാണ്.

അയല്‍വാസിയുടെ പരാതിയില്‍ കമ്മ്യൂണിറ്റി അസോസിയേഷനില്‍ നിന്നാണ് പിഴ നല്‍കണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് ലഭിച്ചതെന്ന് കുടുംബാംഗമായ ഫാദര്‍ മൈക്കല്‍ ഹോഫ പറഞ്ഞു. ക്രിസ്മസ് എത്തുന്നതിന് മുന്‍പ് തന്നെ ലൈറ്റുകള്‍ തെളിയിച്ചു എന്നതിനാണ് പിഴ അടക്കേണ്ടിവന്നത്.

സംഭവമിങ്ങനെ, ഫ്ലോറിഡയിലെ വെസ്റ്റ്‌ചേസില്‍ നിന്നുള്ള മോഫ കുടുംബം ക്രിസ്മസ് പ്രമാണിച്ച് തങ്ങളുടെ വീടിന്റെ മുറ്റം അലങ്കരിക്കാന്‍ ഒരു കമ്പനിയെ വാടകയ്‌ക്കെടുത്തു. എന്നാല്‍ അതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം നവംബര്‍ 8ന്, കുടുംബത്തിന് അവരുടെ കമ്മ്യൂണിറ്റി അസോസിയേഷനില്‍ നിന്ന് ഒരു കത്ത് ലഭിച്ചു. ഡെക്കറേഷന്‍ ലൈറ്റുകള്‍ നിയമ ലംഘനമാണെന്നും ക്രിസ്മസിന് വളരെ മുന്‍പ് തന്നെ അത് സ്ഥാപിച്ചതിന്റെ പേരില്‍ കുടുംബത്തിന് പിഴ ചുമത്തുമെന്നും കത്തില്‍ പറഞ്ഞു.

ലൈറ്റുകള്‍ ഉടന്‍ മാറ്റണമെന്നും, ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്നും കത്തില്‍ പറഞ്ഞു. താങ്ക്സ്ഗിവിംഗിന് മുമ്പ് ക്രിസ്മസ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് കുടുംബാംഗമായ ഫാദര്‍ മൈക്കല്‍ ഹോഫ പറഞ്ഞു.

മൊഫ കുടുംബത്തിന്റെ ഒരു അയല്‍വാസിയാണ് ആദ്യം ലൈറ്റുകളെ കുറിച്ച് പരാതിപ്പെട്ടത്. കഴിഞ്ഞ വര്‍ഷം തന്നെ ഇത് ബുക്ക് ചെയ്തതാണെന്നും നവംബര്‍ ആറ് അവര്‍ നല്‍കിയ തീയതിയാണെന്നും മൈക്കല്‍ പറഞ്ഞു. തനിക്ക് മേല്‍ക്കൂരയുടെ പുറത്തൊന്നും വലിഞ്ഞ് കയറാന്‍ കഴിയില്ലെന്നും, കമ്പനിയ്ക്ക് അന്ന് മാത്രമായിരുന്നു ഒഴിവുണ്ടായിരുന്നതെന്നും, ബാക്കി ദിവസമെല്ലാം വേറെ ബുക്കിങ്ങുകള്‍ ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ലൈറ്റുകള്‍ കാണാന്‍ നന്നായിട്ടില്ലേ? ഇതിലെ കടന്ന് പോകുന്ന കുട്ടികള്‍ അത് ആസ്വദിക്കുന്നു. അത് കാണുമ്പോള്‍ അവരുടെ മുഖത്ത് പുഞ്ചിരി വിടരുന്നു” അദ്ദേഹം പറഞ്ഞു. വീട്ടുടമസ്ഥയായ ചെല്‍സി മോഫയാണ് സംഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

അവള്‍ എഴുതി, ‘ഇത് ഇത്ര വലിയ പ്രശ്‌നമാകുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ ഇത് രാജ്യത്തുടനീളമുള്ള എല്ലാവരേയും ഒന്നിപ്പിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.’ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളാണ് കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്.

Exit mobile version