ലോകത്തിന് മുന്നില്‍ നാണംകെട്ട് പാക്കിസ്താന്‍: 10 ലക്ഷം ഡോളറിന്റെ അടക്കമുള്ള സമ്മാനങ്ങള്‍ ഇമ്രാന്‍ ഖാന്‍ വിറ്റതായി റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: മറ്റ് രാജ്യങ്ങളിലെ നേതാക്കള്‍ നല്‍കിയ സമ്മാനങ്ങള്‍ പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിറ്റതായി റിപ്പോര്‍ട്ട്. 10 ലക്ഷം ഡോളര്‍ വില വരുന്ന വാച്ചടക്കം വിറ്റതായാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്താന് വന്‍ നാണക്കേടായി മാറിയിരിക്കുകയാണ് ഈ സംഭവം.

പാക്കിസ്താന്‍ മുസ്ലിം ലീഗ് (എന്‍) വൈസ് പ്രസിഡന്റ് മറിയം നവാസ് ഉര്‍ദുവില്‍ ട്വീറ്റ് ചെയ്തതോടെയാണ് ഈ വിവാദം ഉയര്‍ന്നത്. ഇതര രാജ്യങ്ങളില്‍ നിന്ന് പ്രധാനമന്ത്രിക്ക് കിട്ടുന്ന സമ്മാനങ്ങളെല്ലാം രാജ്യത്തിന്റെ സ്വത്തായാണ് നിയമപ്രകാരം കണക്കാക്കുന്നത്. ഈ സമ്മാനങ്ങള്‍ പൊതുലേലത്തിലൂടെ വിറ്റ് പണം പൊതുഖജനാവില്‍ ചേര്‍ക്കണം. എന്നാല്‍ ഇമ്രാന്‍ സ്വന്തം കീശയിലേക്കാണ് സമ്മാനങ്ങള്‍ വിറ്റ പണം ഇടുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

എന്നാല്‍ 10000 രൂപയില്‍ കൂടുതല്‍ വിലമതിക്കാത്ത സമ്മാനങ്ങള്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്ക് കൈവശം വെക്കാവുന്നതാണ്. ഇതിന് പണം കൊടുക്കേണ്ടതുമില്ല.

ഗള്‍ഫിലെ രാജകുമാരനാണ് ഇമ്രാന്‍ ഖാന് പത്ത് ലക്ഷം ഡോളര്‍ വിലയുള്ള വാച്ച് നല്‍കിയത്. ഇത് ബന്ധു വഴി ദുബായില്‍ ഖാന്‍ വിറ്റെന്നാണ് ആരോപണം. ഇക്കാര്യം വാച്ച് സമ്മാനിച്ച ഗള്‍ഫിലെ രാജകുമാരനും അറിഞ്ഞതായാണ് വിവരം.

മറ്റ് രാജ്യങ്ങളില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് കഴിഞ്ഞ മാസം പാക്കിസ്താന്‍ ഭരണകൂടം നിലപാടെടുത്തിരുന്നു. ഇത് ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു അന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇപ്പോഴുയരുന്ന വിവാദങ്ങള്‍ക്ക് ബലം നല്‍കുന്നത് കൂടിയാണ് ഈ നിലപാട്.

Exit mobile version