കൊട്ടാരത്തില്‍ നിന്നുള്ള പണം വേണ്ടെന്ന് വെച്ച് ജപ്പാന്‍ രാജകുമാരി : ചര്‍ച്ചകളില്‍ നിറഞ്ഞ വിവാഹം ഒക്ടോബറില്‍ നടക്കും

ടോക്കിയോ : ജാപ്പനീസ് മുന്‍ രാജാവ് നാരുഹിത്തോയുടെ ചെറുമകള്‍ മാകോ രാജകുമാരിയുടെ വിവാഹം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വിരാമം. രാജകുമാരിയുടെ വിവാഹം ഒക്ടോബര്‍ 26ന് നടക്കുമെന്ന് കൊട്ടാരം ഔദ്യോഗികമായി അറിയിച്ചു.

സഹപാഠിയായിരുന്ന കെയ് കൊമൂറോയുമായി 2017ലാണ് മാകോയുടെ വിവാഹനിശ്ചയം നടന്നത്. സാധാരണക്കാരായവരെ വിവാഹം ചെയ്യുന്നത് രാജകുടുംബത്തില്‍ പുതുതായതിനാല്‍ ഇരുവരുടെയും ബന്ധം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. വിവാഹം സംബന്ധിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു ഇരുവരും.

ജപ്പാന്‍ പാരമ്പര്യം അനുസരിച്ച് രാജകുടുംബത്തിലെ സ്ത്രീകള്‍ സാധാരണക്കാരെ വിവാഹം ചെയ്യണമെങ്കില്‍ രാജകീയ പദവി ഉപേക്ഷിക്കേണ്ടി വരും. ഇങ്ങനെ പദവി ഉപേക്ഷിക്കുന്നവര്‍ക്ക് അവരുടെ തുടര്‍ന്നുള്ള ജീവിതത്തിനായി 150 മില്യണ്‍ യെന്‍ അഥവാ 13.5 ലക്ഷം അമേരിക്കന്‍ ഡോളര്‍ ഒറ്റത്തവണയായി കൊട്ടാരത്തില്‍ നിന്ന് നല്‍കും. ഈ തുക വേണ്ടെന്ന് രാജകുമാരി അറിയിച്ചിട്ടുണ്ട്.ഗവണ്‍മെന്റ് ഓഫീസില്‍ വെച്ച് രജിസ്റ്റര്‍ മാര്യേജ് നടത്തിയാല്‍ മതിയെന്നാണ് മാകോയുടെ തീരുമാനം.

ഇവരുടെ വിവാഹത്തിന് ഏറെ പ്രാധാന്യമാണ് മാധ്യമങ്ങളുള്‍പ്പടെ നല്‍കുന്നത്. വിവാഹത്തോടനുബന്ധിച്ച് ജപ്പാനിലെ പ്രമുഖ മാധ്യമമായ മനൈച്ചി ഡെയ്‌ലി നടത്തിയ സര്‍വേയില്‍ രാജകുമാരി സാധാരണക്കാരനെ വിവാഹം കഴിക്കുന്നതിനെ 38ശതമാനം പേര്‍ അനുകൂലിച്ചപ്പോള്‍ 35 ശതമാനം പേര്‍ വിയോജിപ്പ് പങ്കുവെച്ചു. 26ശതമാനം വിഷയത്തില്‍ പ്രതികരിച്ചില്ല.

മാകോയുമായുള്ള വിവാഹം ഉറപ്പിച്ചതുമുതല്‍ കൊമൂറോയുടെ പുറകെ കൂടിയിരിക്കുകയായിരുന്നു മാധ്യമങ്ങള്‍.പോണിടെയില്‍ രീതിയില്‍ കൊമൂറോ മുടി വെട്ടിയത് പോലും മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചു. രാജകുമാരിയെ വിവാഹം ചെയ്യാന്‍ പോകുന്നയാള്‍ ഇങ്ങനെ മുടി വെട്ടിയത് ശരിയല്ലെന്ന് വന്‍ തോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

Exit mobile version