താലിബാൻ ക്രൂരത വീണ്ടും; മൃതദേഹം ക്രെയിനിൽ കെട്ടിത്തൂക്കി പ്രദർശിപ്പിച്ച് കിരാത നടപടികൾ; ലോകത്തിന് ഞെട്ടൽ

കാബൂൾ: അഫ്ഗാനിസ്ഥാന്റെ പൂർണമായ നിയന്ത്രണം കൈക്കലാക്കിയ താലിബാൻ ഭരണകൂടം പഴയ മാതൃകയിൽ കിരാത നടപടികൾ നടപ്പാക്കുന്നു. ഹെറാത്തിലെ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം പരസ്യമായി ക്രെയിനിൽ കെട്ടിത്തൂക്കിയാണ് താലിബാൻ ലോക ജനതയെ ഞെട്ടിച്ചിരിക്കുന്നത്.

തട്ടിക്കൊണ്ടുപോകൽ കേസിലുൾപ്പെട്ട 4 പേരെയാണ് വെടിവച്ചുകൊന്നതെന്നാണ് താലിബാൻ ഭരണകൂടത്തിന്റെ ഔദ്യോഗിക ഭാഷ്യം. മറ്റ് മൂന്ന് മൃതദേഹങ്ങൾ ജനങ്ങൾക്കു മുന്നറിയിപ്പു നൽകാൻ അടുത്ത നഗരങ്ങളിലേക്കു കൊണ്ടുപോയതായും നാട്ടുകാർ പറഞ്ഞു.

കുറ്റക്കാരെ തൂക്കിക്കൊല്ലുകയും അംഗവിഛേദം നടത്തുകയും ചെയ്യുമെന്ന് താലിബാൻ സ്ഥാപകരിലൊരാളായ മുല്ല നുറുദീൻ തുറാബി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഹെറാതിലെ ക്രൂരത അരങ്ങേറിയത്.


ഇതിനിടെ, പുതിയ താലിബാൻ ഭരണത്തിനു കീഴിൽ സംഗീതം പൂർണമായി നിലച്ചിരിക്കുകയാണ്. സംഗീതവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെല്ലാം രാജ്യം വിടാനുള്ള തയ്യാറെടുപ്പിലാണ്. പുതിയ സർക്കാർ സംഗീതം നിരോധിച്ചതായി വ്യക്തമാക്കിയിട്ടില്ലെങ്കിലും വിവാഹസദസ്സുകളിൽ മുഴങ്ങിയിരുന്ന നൃത്തവും സംഗീതവും ഇപ്പോൾ പാടെ ഒഴിവാക്കിയിരിക്കുകയാണ്.

Exit mobile version