മന്ത്രിസഭയില്‍ പുരുഷന്മാര്‍ മാത്രം : പ്രതിഷേധപ്രകടനം നടത്തിയ സ്ത്രീകളെ ചാട്ടവാറിനടിച്ച് താലിബാന്‍

Kabul | Bignewslive

കാബൂള്‍ : തങ്ങളുടെ ഭരണത്തില്‍ അഫ്ഗാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് വ്യക്തമാക്കിയ താലിബാന്‍ ചരിത്രം ആവര്‍ത്തിക്കുന്നു. കാബൂളിലെ തെരുവില്‍ പ്രതിഷേധപ്രകടനം നടത്തിയ സ്തീകളെ താലിബാന്‍കാര്‍ ചാട്ടവാറിനടിച്ചോടിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

മന്ത്രിസഭയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താത്ത താലിബാന്‍ നിലപാടിനെതിരെ പ്രക്ഷോഭിച്ച സ്ത്രീകളെയാണ് ചാട്ടവാറിനടിച്ചത്. സ്ത്രീകളെ അടിക്കുന്ന ദൃശ്യങ്ങള്‍ അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തക സഹ്‌റ റഹിമി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. അഫ്ഗാന്‍ സ്ത്രീകള്‍ നീണാള്‍ വാഴട്ടെ, ഒരു സര്‍ക്കാരിനും സ്ത്രീസാന്നിധ്യം ഒഴിവാക്കാനാവില്ല തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ഘോര്‍ പ്രവിശ്യയില്‍ ഗര്‍ഭിണിയായിരിക്കെ താലിബാന്‍ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥയുടെ ചിത്രങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഈ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നാണ് താലിബാന്‍ അറിയിച്ചിരിക്കുന്നതെങ്കിലും സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

ചിലയിടങ്ങളില്‍ സ്ത്രീകളെ കെട്ടിടങ്ങളുടെ അടിത്തട്ടില്‍ അടച്ചിട്ട താലിബാന്‍കാര്‍ ചാട്ടവാറും വടികളും കൊണ്ട് അവരെ അടിച്ചോടിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. വീടുകളിലേക്ക് മടങ്ങാനും താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കാനും ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് യാതൊരു പരിഗണനയും നല്‍കാത്ത ഭരണകൂടത്തെ എന്തിനാണ് അംഗീകരിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും താലിബാന്‍ ചാട്ട വീശി എന്നാണ് വിവരം.

അഫ്ഗാനില്‍ താലിബാന്റെ വരവിനെത്തുടര്‍ന്ന് അവകാശസംരക്ഷണത്തിന് വേണ്ടി നിരവധി സ്ത്രീകളാണ് ദിവസവും തെരുവിലിറങ്ങുന്നത്. പുരുഷന്മാരുടെ കൂടെയല്ലാതെ പുറത്തിറങ്ങാന്‍ പോലും അനുവാദമില്ലാത്തതിനാല്‍ മിക്ക സ്ത്രീകള്‍ക്കും ജോലിക്ക് പോലും പോകാന്‍ കഴിയാത്ത അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.

Exit mobile version