പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം : വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ച് താലിബാന്‍, ‘അനുസരണ ഇല്ലാത്തവരെ വീട്ടിലിരുത്തും’

കാബൂള്‍ : പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നാവര്‍ത്തിച്ച് താലിബാന്‍. ഇതുസംബന്ധിച്ച ശുഭവാര്‍ത്ത ഉടനുണ്ടാകുമെന്നറിയിച്ച താലിബാന്‍ വക്താവ് ഭരണകൂടത്തിന്റെ ഉത്തരവുകള്‍ക്കെതിരെ പ്രതിഷേധിച്ച ‘അനുസരണയില്ലാത്ത’ സ്ത്രീകളെ വീട്ടിലിരുത്തുമെന്നും അറിയിച്ചു.

കാബൂളില്‍ വെച്ച് സിഎന്‍എന്‍ നടത്തിയ അഭിമുഖത്തില്‍ താലിബാന്റെ ആക്ടിങ് ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖ്ഖാനി ആണ് പരാമര്‍ശം നടത്തിയത്. താലിബാനെ പേടിച്ച് അഫ്ഗാന്‍ സ്ത്രീകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിക്കുന്നതിനെക്കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു തമാശ രൂപേണ ഹഖ്ഖാനിയുടെ പരാമര്‍ശം. അനുസരണയില്ലാത്ത സ്ത്രീകളെ തങ്ങള്‍ വീടുകളില്‍ തളച്ചിടുമെന്നും അനുസരണയില്ലാത്തത് എന്നത് കൊണ്ടുദ്ദേശിക്കുന്നത് താലിബാനെ ചോദ്യം ചെയ്യാന്‍ ചില കേന്ദ്രങ്ങളുമായി പ്രവര്‍ത്തിക്കുന്നവര്‍ എന്നാണെന്നും ഹഖ്ഖാനി വിശദീകരിച്ചു.

“നിലവില്‍ ആറാം ഗ്രേഡ് വരെ പെണ്‍കുട്ടികള്‍ക്ക് പഠിക്കാം. അതിന് മുകളിലെ കാര്യത്തില്‍ തീരുമാനമാകുന്നതേയുള്ളു. ഉടന്‍ തന്നെ ശുഭവാര്‍ത്ത കേള്‍ക്കാനാകും. ഇസ്ലാമിന്റെ നിയമത്തിനനുസരിച്ചേ എന്തും നടപ്പിലാക്കൂ”. ഹഖ്ഖാനി വ്യക്തമാക്കി.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പാശ്ചാത്യ മാധ്യമത്തിന് ഹഖ്ഖാനി അഭിമുഖം നല്‍കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് തലയ്ക്ക് 10 മില്യണ്‍ യുഎസ് ഡോളര്‍ വിലയിട്ടിരിക്കുന്ന ആഗോള തീവ്രവാദിയാണ് സിറാജുദ്ദീന്‍ ഹഖ്ഖാനി.

Exit mobile version