യുഎസ് സേനയെ സിറിയയില്‍ നിന്നു പിന്‍വലിക്കാന്‍ വൈറ്റ്ഹൗസ് നിര്‍ദ്ദേശം

ഐഎസിനെ തോല്പിച്ചെന്നും ഇനി സൈന്യത്തെ സിറിയയില്‍ നിലനിര്‍ത്തേണ്ട ആവശ്യമില്ലെന്നും പ്രസിഡന്റ് ട്രംപ് ട്വീറ്റു ചെയ്തു

വാഷിംഗ്ടണ്‍ ഡിസി: സിറിയയിലുള്ള യുഎസ് സൈനികരെ പിന്‍വലിക്കുന്നതിനുള്ള പദ്ധതി തയാറാക്കാന്‍ പെന്റഗണിനു വൈറ്റ്ഹൗസ് നിര്‍ദേശം നല്‍കിയെന്നു റിപ്പോര്‍ട്ട്. ഐഎസിനെ തോല്പിച്ചെന്നും ഇനി സൈന്യത്തെ സിറിയയില്‍ നിലനിര്‍ത്തേണ്ട ആവശ്യമില്ലെന്നും പ്രസിഡന്റ് ട്രംപ് ട്വീറ്റു ചെയ്തു.

എന്നാല്‍ സൈനിക പിന്മാറ്റം സംബന്ധിച്ച് വ്യക്തമായി എന്തെങ്കിലും പറയാന്‍ പെന്റഗണ്‍ വക്താവ് തയാറായില്ല. സിറിയയിലുള്ള പങ്കാളികളുമായി സഹകരിച്ച് സൈനിക പ്രവര്‍ത്തനങ്ങള്‍ തത്കാലം മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് വക്താവ് കേണല്‍ റോബ് മാനിംഗ് പ്രസ്താവനയില്‍ പറഞ്ഞു.

ഐഎസിനെ പരാജയപ്പെടുത്തിയെന്ന ട്രംപിന്റെ അവകാശവാദത്തെക്കുറിച്ചും പെന്റഗണ്‍ പ്രതികരിച്ചില്ല. ഐഎസിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം പെട്ടെന്നു കൈവരിക്കാനാവില്ലെന്നും ഇത് ദീര്‍ഘകാല പദ്ധതിയാണെന്നും രണ്ടാഴ്ച മുന്പ് യുഎസ് പ്രത്യേക പ്രതിനിധി ബ്രെറ്റ് മക്ഗുര്‍ക്ക് പറഞ്ഞിരുന്നു.

സിറിയയില്‍ 503 യുഎസ് സൈനികരുണ്ടെന്നാണു ഔദ്യോഗിക കണക്ക്. എന്നാല്‍ രണ്ടായിരത്തിലധികം പേരുണ്ടെന്നു പ്രതിരോധവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇറാക്ക് അതിര്‍ത്തിക്കടുത്ത് 5200 സൈനികരെ യുഎസ് നിലനിര്‍ത്തിയിട്ടുള്ളതിനാല്‍ സിറിയയില്‍ നിന്നുള്ള യുഎസ് സേനാപിന്മാറ്റം കാര്യമായ പ്രശ്‌നം സൃഷ്ടിക്കില്ല.

സിറിയയിലെ യുദ്ധഭൂമിയില്‍നിന്നു യുഎസ് സൈനികരെ പിന്‍വലിക്കാന്‍ നേരത്തെയും ട്രംപ് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. സൈനിക പിന്മാറ്റത്തെ എതിര്‍ത്ത ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജോസഫ് ഡണ്‍ഫോര്‍ഡിനെ മാറ്റി പകരം ജനറല്‍ മാര്‍ക്ക് മില്ലിയെ ട്രംപ് ഭരണകൂടം നിയമിച്ചത് അടുത്തകാലത്താണ്.

Exit mobile version