താലിബാനെ അവരുടെ വാക്കിലൂടെയല്ല, പ്രവർത്തിയിലൂടെയാണ് വിലയിരുത്തേണ്ടത്, അഫ്ഗാൻ പൗരന്മാരെ സഹായിച്ചതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാനെ അവരുടെ വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് വിലയിരുത്തേണ്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇക്കഴിഞ്ഞ ദിവസങ്ങളിലായി 2000ൽ അധികം അഫ്ഗാൻ പൗരന്മാരെ അഫ്ഗാൻ വിടുന്നതിന് ബ്രിട്ടൻ സഹായിച്ചെന്ന് പാർലമെന്റിനെ അറിയിക്കുന്നതിനിടെയാണ് അദ്ദേഹം താലിബാനെ സംബന്ധിച്ച് പ്രസ്താവന നടത്തിയത്.

കാബൂളിലെ പുതിയ സർക്കാരിനെ തിടുക്കത്തിൽ പിന്തുണയ്ക്കുന്നത് ചിലപ്പോൾ തെറ്റാകാം. അഫ്ഗാന്റെ ഭാവിയെ കുറിച്ച് ആശങ്കയുളള രാജ്യങ്ങൾ പുതിയ സർക്കാരിനെ പിന്തുണയ്ക്കണോ വേണ്ടയോ എന്ന് പുതിയ സർക്കാരിന്റെ പെരുമാറ്റം നോക്കി കാര്യങ്ങൾ തീരുമാനിക്കുന്നതിന് മുമ്പ് പൊതുവായ ചില മാനദണ്ഡങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്.

കാബൂളിലെ പുതിയ ഭരണകൂടത്തെ അവരുടെ വാക്കുകളേക്കാൾ അധികമായി അവരുടെ തെരഞ്ഞെടുപ്പ്, പ്രവൃത്തികൾ, ഭീകരവാദം, കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന്, പെൺകുട്ടികൾക്കു വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, സഹജീവികളോടുള്ള സമീപനം എന്നിവയിലുള്ള അവരുടെ നിലപാടിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തും. അദ്ദേഹം വ്യക്തമാക്കി.

വേനൽക്കാല അവധിയിലായിരുന്ന എംപിമാരെ അടിയന്തരമായി തിരികെ വിളിച്ചാണ് താലിബാൻ വിഷയം ചർച്ച ചെയ്യാനായി ബോറിസ് ജോൺസൺ പാർലമെന്റ് സമ്മേളനം നടത്തിയത്. ബ്രിട്ടീഷ് സർക്കാർ താലിബാൻ പ്രതിസന്ധി കൈകാര്യം ചെയ്തതിനെ ജോൺസൺ ന്യായീകരിച്ചു. പ്രതിസന്ധി ഘട്ടം തരണം ചെയ്യുന്നതിനായി ബ്രിട്ടൻ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിൽനിന്ന് ഇതുവരെ 306 ബ്രിട്ടീഷ് പൗരന്മാരെയും 2052 അഫ്ഗാൻ പൗരന്മാരെയും രക്ഷിച്ചതായി അദ്ദേഹം അറിയിച്ചു. 2000ൽ അധികം അഫ്ഗാൻ പൗരന്മാരുടെ അപേക്ഷകൾ തീർപ്പാക്കി. കുറെയേറെ അപേക്ഷകളിന്മേൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്നും യുകെ ഉദ്യോഗസ്ഥർ രാപകലില്ലാതെ ജോലി ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version