കോവിഡിനെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ചതിന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം മാര്‍ജറി ടെയ്‌ലര്‍ക്ക് ട്വിറ്ററില്‍ വിലക്ക്

നേരത്തേ കോവിഡ് നിയന്ത്രണങ്ങളെ നാസി ഭരണപരിഷ്‌കാരങ്ങളോടുപമിച്ചതിന് റിപ്പബ്ലിക്കന്‍ കൂടിയായ ഇവര്‍ ഏറെ വിമര്‍ശനങ്ങളേറ്റു വാങ്ങിയിരുന്നു.

Marjorie Taylor | Bignewslive

വാഷിംഗ്ടണ്‍ : കോവിഡിനെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ചതിന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം മാര്‍ജറി ടെയ്‌ലര്‍ക്ക് ട്വിറ്ററില്‍ താല്ക്കാലിക വിലക്ക്. പന്ത്രണ്ട് മണിക്കൂര്‍ നേരം റീഡ്-ഒണ്‍ലി മോഡിലായിരിക്കും അക്കൗണ്ട് എന്ന് ട്വിറ്റര്‍ അറിയിച്ചു.

തിങ്കളാഴ്ച പോസ്റ്റ് ചെയ്ത് രണ്ട് ട്വീറ്റുകളെ തുടര്‍ന്നാണ് ട്വിറ്ററിന്റെ നടപടി. കോവിഡിനെതിരെ വാക്‌സീന്‍ സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും 65 വയസ്സിന് താഴെയുള്ള പൂര്‍ണ ആരോഗ്യമുള്ളവരെ കോവിഡ് ബാധിക്കില്ലെന്നുമായിരുന്നു ട്വീറ്റുകളുടെ ഉള്ളടക്കം.രണ്ട് ട്വീറ്റുകളും ട്വിറ്റര്‍ മിസ്‌ലീഡിങ് പോസ്റ്റുകളായി ടാഗ് ചെയ്തിട്ടുണ്ട്. ഇതിനുമുമ്പ് ഏപ്രിലിലും മാര്‍ജറി ടെയ്‌ലറെ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാലിത് കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ അബദ്ധമാണെന്ന് ട്വിറ്റര്‍ വ്യക്തമാക്കുകയും അക്കൗണ്ട് പുനസ്ഥാപിക്കുകയും ചെയ്തു.

കോവിഡിനെക്കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ട്വിറ്ററിന്റെ നടപടി. കോവിഡിനെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകളാണ് ജനങ്ങളെ കൊല്ലുന്നതെന്നായിരുന്നു ബൈഡന്റെ പരാമര്‍ശം.

അഭിപ്രായസ്വാന്ത്യത്തിന് വിലക്കേര്‍പ്പെടുത്താനുള്ള ബൈഡന്റെ ശ്രമത്തില്‍ വലിയ ടെക്ക് കമ്പനികളും പങ്കാളികളാവുകയാണെന്ന് സംഭവത്തെക്കുറിച്ച് ടെയ്‌ലര്‍ പ്രതികരിച്ചു. വൈറ്റ് ഹൗസിന്റെ പിന്തുണയോടെ വന്‍കിട കമ്പനികള്‍ ജനങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡിനെതിരെ പ്രതികരിച്ചതിന് ഇതാദ്യമായല്ല മാര്‍ജറി പഴി കേള്‍ക്കുന്നത്. നേരത്തേ കോവിഡ് നിയന്ത്രണങ്ങളെ നാസി ഭരണപരിഷ്‌കാരങ്ങളോടുപമിച്ചതിന് റിപ്പബ്ലിക്കന്‍ കൂടിയായ ഇവര്‍ ഏറെ വിമര്‍ശനങ്ങളേറ്റു വാങ്ങിയിരുന്നു. ജൂതന്മാരോടുള്ള നാസികളുടെ പെരുമാറ്റമാണ്‌ സര്‍ക്കാര്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പടുമ്പോള്‍ ഓര്‍മവരുന്നതെന്നായിരുന്നു ടെയ്‌ലര്‍ പറഞ്ഞത്.

Exit mobile version