ആൽഫ, ഡെൽറ്റ വകഭേദങ്ങൾക്ക് എതിരെ കോവാക്‌സിൻ ഫലപ്രദമെന്ന് യുഎസ് ഗവേഷകർ

വാഷിങ്ടൺ: കോവിഡ് രോഗത്തിന്റെ തിരിച്ചറിഞ്ഞ വകഭേദങ്ങളായ അൽഫ, ഡെൽറ്റ എന്നിവയ്‌ക്കെതിരെ കോവാക്‌സിൻ ഫലപ്രദമെന്ന് യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്. കോവാക്‌സിൻ സ്വീകരിച്ചവരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വാക്‌സിൻ എടുത്തവരിൽ ഉണ്ടായ ആന്റിബോഡി ആൽഫ, ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്ന് യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കി. യുകെയിലാണ് ആൽഫ വകഭേദം ആദ്യമായി കണ്ടെത്തിയത്.

അതേസമയം, ഡെൽറ്റ വകഭേദം ഇന്ത്യയിലാണ് ആദ്യമായി കണ്ടെത്തിയത്. രോഗലക്ഷണങ്ങളുള്ള കോവിഡ് രോഗികളിൽ കോവാക്‌സിൻ 77.8 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, വാക്‌സിന്റെ മൂന്നാംഘട്ട പരിശോധനഫലം ഇതുവരെ പുറത്ത് വന്നിട്ടില്ല.

ഇന്ത്യയിൽ നിർമ്മിച്ച വാക്‌സിനാണ് കോവാക്‌സിൻ. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ, ഓക്‌സ്‌ഫെഡ് ആസ്ട്രസെനിക്കയുടെ കോവിഷീൽഡ് എന്നീ വാക്‌സിനുകൾക്കാണ് ഇന്ത്യയിൽ ആദ്യം അനുമതി നൽകിയത്. പിന്നീട് റഷ്യയുടെ സ്പുട്‌നിക്കിനും ഇന്ത്യയിൽ അനുമതി ലഭിച്ചു.

കഴിഞ്ഞ ദിവസം യുഎസ് വാക്‌സിനായ മൊഡേണയുടെ ഇറക്കുമതിക്കും സർക്കാർ അനുമതി നൽകി. ജൂലൈ തൊട്ട് സിപ്ല ഇന്ത്യയിൽ മൊഡേണ വിതരണം ചെയ്യും. വരും ദിവസങ്ങളിൽ ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ, സിഡുസ് കാഡില തുടങ്ങിയ വാക്‌സിനുകൾക്കും ഇന്ത്യ അനുമതി നൽകുമെന്നാണ് പ്രതീക്ഷ. സിഡുസ് കാഡിലക്ക് അനുമതി ലഭിച്ചാൽ അത് ഇന്ത്യയിലെ രണ്ടാമത് മെയ്ഡ് ഇൻ ഇന്ത്യ വാക്‌സിനാവും ഇത്.

Exit mobile version