കൊവിഡ് വ്യാപനം; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ, ഓസീസ് താരങ്ങള്‍ കുടുങ്ങും

കാന്‍ബറ: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ . മേയ് 15 വരെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഓസ്‌ട്രേലിയയില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമായതോടെയാണ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് നേരിട്ടല്ലാതെ എത്തുന്ന വിമാനങ്ങള്‍ ദോഹ, സിംഗപ്പൂര്‍, കോലാലംപൂര്‍ എന്നിവിടങ്ങളില്‍ തദ്ദേശ സര്‍ക്കാറുകളുമായി ഇടപെട്ട് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അറിയിച്ചു.പൗരന്മാരുടെ സുരക്ഷയെ കരുതിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രതികരിച്ചു.

അതേസമയം ഐപിഎല്ലില്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ കളിക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കില്ലെന്നും പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ പറഞ്ഞു. ഐപിഎല്ലില്‍ കളിക്കാന്‍ ഓസീസ് താരങ്ങള്‍ ഇന്ത്യയിലെത്തിയത് സ്വന്തം നിലയിലാണെന്നും അതുകൊണ്ടുതന്നെ ഐപിഎല്‍ പൂര്‍ത്തിയാവുമ്പോള്‍ നാട്ടിലെത്താനും അവര്‍ അതേമാര്‍ഗം ഉപയോഗിക്കണമെന്നും ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക പരിഗണനയൊന്നും ഉണ്ടാവില്ലെന്നും മോറിസണ്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.

ഓസീസ് താരങ്ങളെ തിരികെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്ന മുംബൈ ഇന്ത്യന്‍സിന്റെ ഓസീസ് താരം ക്രിസ് ലിന്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഓസീസ് പ്രധാനമന്ത്രിയുടെ പ്രതികരണം.

Exit mobile version