രക്തം കട്ടപിടിക്കുന്നത് അപൂര്‍വ്വം കേസുകളില്‍ മാത്രം: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന് വീണ്ടും അനുമതി

വാഷിംങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ ഉപയോഗം പുനഃരാരംഭിക്കാന്‍ യുഎസ് ആരോഗ്യവകുപ്പ് അനുമതി നല്‍കി. വിദഗ്ധ സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി.

വാക്‌സിന്‍ ഉപയോഗിച്ചതിന്റെ ഫലമായി രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോണ്‍സണ്‍ & ജോണ്‍സന്റെ വാക്‌സിന് താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്.
എന്നാല്‍ അത്യപൂര്‍വ്വം കേസുകളില്‍ മാത്രമാണ് രക്തം കട്ടപിടിക്കുന്ന പ്രശ്‌നം കണ്ടെത്തിയതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വാക്‌സിന്‍ സ്വീകരിച്ച 3.9 മില്യണ്‍ സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ 15 പേര്‍ക്ക് മാത്രമാണ് രക്തം കട്ടപിടിക്കുന്ന പ്രശ്‌നം കണ്ടെത്തിയത്. ഇതില്‍ 13 പേരും 50 വയസില്‍ താഴെയുള്ളവരാണ്.

പുരുഷന്‍മാരില്‍ ആര്‍ക്കും രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയിട്ടില്ല. യുറോപ്യന്‍ ആരോഗ്യ നിയന്ത്രണ ഏജന്‍സിയും രക്തം കട്ടപിടിക്കല്‍ പ്രശ്‌നം അപൂര്‍വമായി മാത്രമാണ് കണ്ടെത്തിയിട്ടുളളതെന്നാണ് അറിയിക്കുന്നത്. വാക്‌സിന്റെ ഉപയോഗം പുനഃരാരംഭിച്ചാലും കൃത്യമായ നിരീക്ഷണമുണ്ടാവുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version