സുപ്രീംകോടതിയിലെ തിരിച്ചടി: മഹീന്ദ രജപക്‌സെ പ്രധാനമന്ത്രിസ്ഥാനം രാജിവയ്ക്കും

കൊളംബോ: സുപ്രീംകോടതി വിധിയിലെ തിരിച്ചടിയ്ക്ക് പിന്നാലെ ശ്രീലങ്കന്‍ പ്രധാനമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങി മഹീന്ദ രജപക്‌സെ. രാജ്യത്ത് സ്ഥിരത കൊണ്ടുവരാനാണ് രാജിയെന്നാണ് രജപക്‌സെ പക്ഷത്തിന്റെ വാദം. റെനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിയാകാന്‍ സിരിസേന ക്ഷണിച്ചേക്കുമെന്നാണ് സൂചനകള്‍.

ഏഴ് ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്ഷെ രാജിക്ക് ഒരുങ്ങുന്നത്. രജപക്‌സെയുടെ മകന്‍ ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ‘രാഷ്ട്രത്തിന്റെ സ്ഥിരത ഉറപ്പുവരുത്തുന്നതിനായി ശനിയാഴ്ച രാജപക്ഷെ പ്രധാനമന്ത്രി സ്ഥാനമൊഴിയും’ എന്ന് നമല്‍ രജപക്‌സെ ട്വിറ്ററില്‍ വിശദമാക്കി.

ഒക്ടോബര്‍ 27ന് പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിംഗെയെ പുറത്താക്കി, പ്രതിപക്ഷ നേതാവായ രാജപക്‌സെയെ പ്രസിഡന്റ് സിരിസേന പ്രധാനമന്ത്രിയായി നിയമിച്ചതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്. റനില്‍ വിക്രമസിംഗെക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കാതെ പ്രസിഡന്റ് ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്തിരുന്നു. ശ്രീലങ്കന്‍ സുപ്രീം കോടതി ഇത് റദ്ദു ചെയ്തു കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. കോടതിയില്‍ കൂടി തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് രജപക്‌സെ രാജിവെക്കുന്നത്.

പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്ക പാര്‍ലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.
സിരിസേനയുമായി സഖ്യത്തിലേര്‍പ്പെടുമെന്നും നമല്‍ രജപക്‌സെ വ്യക്തമാക്കി.

ജനുവരി 5 ന് പുതിയ തിരഞ്ഞെടുപ്പു നടത്താനും സിരിസേന ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചശേഷമാണ് പ്രസിഡന്റിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നു സുപ്രീംകോടതി വിധിച്ചത്. കാലാവധി അവസാനിക്കാന്‍ നാലര വര്‍ഷം ബാക്കിയിരിക്കെയാണ് പ്രസിഡന്റ് ഈ നടപടി കൈക്കൊണ്ടതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിധി.

Exit mobile version