അമേരിക്കയില്‍ വെടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുന്നതായി പഠനം

അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വണ്ടര്‍ന്റെ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്ളത്

അമേരിക്കയില്‍ വെടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 2017ല്‍ നാല്‍പതിനായിരം പേരാണ് വെടിയെറ്റ് മരിച്ചത്. ഇരുപത് വര്‍ഷത്തിന് ശേഷമാണ് വെടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് ഇത്രയും വര്‍ധനയുണ്ടാകുന്നത്. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വണ്ടര്‍ന്റെ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്ളത്.

2017ല്‍ 39,773 ആളുകളാണ് രാജ്യത്ത് വെടിയേറ്റ് മരിച്ചത്. സ്വയം വെടിവെച്ചു മരിച്ചവരും മറ്റുള്ളവരുടെ വെടിയേറ്റു മരിച്ചവരും കണക്കില്‍പ്പെടുന്നു. ഒരു ലക്ഷത്തില്‍ 12 പേര്‍ വെടിയേറ്റ് മരിക്കുന്നെന്നാണ് റിപ്പോര്‍ട്ട്.

2010ല്‍ ലക്ഷത്തില്‍ പത്ത് പേര്‍ വെടിയേറ്റ് മരിച്ചെന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 23,854 പേര്‍ ആത്മഹത്യ ചെയ്യാന്‍ തോക്ക് ഉപയോഗിച്ചു എന്നും റിപ്പോര്‍ട്ടിലുണ്ട്.

മറ്റു വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്താലും വെടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് മുന്നില്‍. ജപ്പാന്‍ 0.2, ബ്രിട്ടന്‍ 0.3, ജര്‍മനി 0.9, കാനഡ 2.1 എന്നിങ്ങനെയാണ് ലക്ഷത്തില്‍ വെടിയേറ്റു മരിക്കുന്നവരുടെ എണ്ണം.

ലോകത്തില്‍ വെടിയേറ്റ് മരിക്കുന്ന ആകെ ആളുകളുടെ എണ്ണത്തില്‍ പകുതിയും ആറ് രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കക്ക് പുറമെ ബ്രസീല്‍, മെക്സിക്കോ, കൊളംബിയ, വെനസ്വല, ഗ്വാട്ടിമല എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങള്‍.

Exit mobile version