അമിത വേഗത: റോഡിൽ നിന്നും തെന്നി കാർ ‘പറന്നുയർന്നു’; വൻഅപകടത്തിൽ ഗോൾഫ് ഇതിഹാസതാരം ടൈഗർ വുഡ്‌സിന് ഗുരുതര പരിക്ക്

tiger woods | World news

ലോസ് ആഞ്ചലസ്: കുത്തനെയുള്ള ഇറക്കത്തിൽ അമിത വേഗതയിൽ വീഹനമോടിച്ചുണ്ടായ അപകടത്തിൽ യുഎസ് ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്‌സിന് ഗുരുതര പരിക്ക്. ടൈഗർ വുഡ്‌സ് സഞ്ചരിച്ചിരുന്ന കാർ അമിതവേഗതയെ തുടർന്ന് റോഡിൽനിന്ന് തെന്നി ‘പറന്നുയർന്നുവീണ്’ ആണ് അപകടം സംഭവിച്ചിരിക്കുന്നത്.

റോഡിൽനിന്ന് ഏറെ ദൂരെയുള്ള പുൽമേടിലാണ് കാർ നിരവധി തവണ മറിഞ്ഞതിന് ശേഷം പതിച്ചത്. പൂർണമായി തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലാണ് വുഡ്‌സിനെ കണ്ടെത്തിയതെന്ന് ആദ്യമായി സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥൻ കാർലോസ് ഗൊൺസാലസ് പറഞ്ഞു. ശരീരത്തിൽ ഗുരുതരമായ പരിക്കേറ്റിട്ടും താരം ബോധാവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പുലർച്ചെയുണ്ടായ അപകടത്തിൽ ഇരു കാലുകളും പൊട്ടുകയും അദ്ദേഹത്ത് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. ഭാഗ്യം തുണച്ചതിനാൽ വൻദുരന്തത്തിൽനിന്ന് താരം രക്ഷപ്പെട്ടുവെന്നാണ് പോലീസ് പ്രതികരിച്ചത്.

വാഹനങ്ങൾ നിരന്തരം അപകടത്തിൽപെടുന്ന കാലിഫോർണിയ ഹൈവേയിലാണ് അമിത വേഗത്തിൽ സഞ്ചരിച്ച് ടൈഗർ വുഡ്‌സിന്റെ കാറും അപകടത്തിലായത്. പാർലോസ് വെർഡസ് എന്ന ഭാഗത്ത് മലനിരകളിൽനിന്ന് താഴോട്ടിറങ്ങുന്ന ഭാഗത്ത് അമിത വേഗത്തിൽ കാർ ഓടിച്ചതാകാം അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വർഷങ്ങൾക്കിടെ നിരവധി വൻ അപകടങ്ങൾക്ക് പേരുകേട്ട ഇടമാണിത്.

tiger woods2

അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും പാരാമെഡിക്കൽ ജീവനക്കാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് വുഡ്‌സിനെ പുറത്തെത്തിച്ചത്. ലഹരി ഉപയോഗിച്ചാണ് അപകടമെന്നതിന് സൂചനകളില്ലെന്ന് പോലീസ് അറിയിച്ചു.

ഗോൾഫിനെ ജനകീയമാക്കുകയും അതുവരെയുള്ള ചരിത്രം തിരുത്തുകയും ചെയ്ത മഹാനായ താരമാണ് വുഡ്‌സ്. 15 മുൻനിര ചാമ്പ്യൻഷിപ്പുകളിലെ ജേതാവാണ്. ഒരുകാലത്ത് വുഡ്‌സിന് മത്സരങ്ങളിൽ മതിയായ എതിരാളികൾ പോലുമില്ലായിരുന്നു. അടുത്തിടെ പുറംഭാഗത്ത് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഇനി മുൻനിര ചാമ്പ്യൻഷിപ്പുകളിൽ കളിക്കാനാവുമോ എന്ന കാര്യത്തിൽ താരം തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. 2019ലാണ് അവസാനമായി ഒരു ചാമ്പ്യൻഷിപ്പ് സ്വന്തം പേരിൽ കുറിക്കുന്നത്.

പ്രശസ്തിക്ക് ഒപ്പം കുപ്രസിദ്ധിയുമാർജ്ജിച്ച താരത്തെ നിരന്തരം വിവാദങ്ങൾ വേട്ടയാടിയിരുന്നു. 2009ൽ കുടുംബ വഴക്കിനിരയായതും നിരവധി പേർ അവിഹിത ബന്ധമാരോപിച്ച് രംഗത്തെത്തിയതും വാർത്തയായിരുന്നു.

Exit mobile version