മൂക്കില്‍ നിന്നും രക്തപ്രവാഹം, വാര്‍ത്ത വായന തുടര്‍ന്ന് അവതാരകന്‍: ആത്മാര്‍ഥതയ്ക്ക് കൈയ്യടിച്ച് ലോകം, വീഡിയോ

മൂക്കില്‍ നിന്നും രക്തം ഒഴുകിക്കൊണ്ടിരുന്നപ്പോഴും വാര്‍ത്ത വായന തുടര്‍ന്ന് അവതാരകന്‍. കൊറിയന്‍ ചാനലായ സ്‌പോ ടിവിയുടെ അവതാരകന്‍ ജോ ഹുയിന്‍ ഇല്‍- ആണ് ജോലിയിലെ ആത്മാര്‍ഥത കൊണ്ട് ലോകത്തിന്റെ കൈയ്യടി നേടുന്നത്.

കായിക വാര്‍ത്ത അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജോയുടെ മൂക്കില്‍ നിന്നും രക്തം ഒഴുകിയത്. മൂക്ക് തുടച്ചപ്പോള്‍ കയ്യില്‍ രക്തം പറ്റിയിട്ടും ജോ ആത്മസംയമനം കൈവിടാതെ അവതരണം തുടര്‍ന്നു.

ജോയുടെ മൂക്കില്‍ നിന്നും രക്തം വരുന്നത് ഒപ്പമുണ്ടായിരുന്ന അവതാരകന്‍ ആ സമയം കണ്ടില്ല. ജോയുടെ നേരെ വാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ പറഞ്ഞുകൊണ്ട് തിരിഞ്ഞപ്പോഴാണ് മൂക്കില്‍ നിന്നും നിലയ്ക്കാതെ ഒഴുകുന്ന രക്തം കണ്ടത്.

ജോയ്ക്ക് ആത്മസംയമനം നഷ്ടമായില്ലെങ്കിലും ഒപ്പമുണ്ടായിരുന്ന അവതാരകന്‍ ഭയക്കുന്നതും വീഡിയോയില്‍ കാണാം. വാര്‍ത്ത അവതരിപ്പിച്ച് തീര്‍ന്നതിന് ശേഷമാണ് ജോ മാറിയത്. ഈ വീഡിയോ ചാനല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.

വീഡിയോ വൈറലായതോടെ ചാനലിന്റെ അതിസമര്‍ദ്ദം കാരണമാണെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ അതിന് ജോ തന്നെ മറുപടിയുമായി രംഗത്തെത്തി. തനിക്ക് ഇത് ആദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്നും ചാനല്‍ യാതൊരുവിധ സമര്‍ദ്ദവും ചെലുത്തുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ഒപ്പം പ്രേക്ഷകരുടെ കരുതലിനും നന്ദി പറഞ്ഞു.

Exit mobile version