ബന്ധുക്കളില്ല, സംസ്‌കരിക്കാന്‍ പണവുമില്ല; അമേരിക്കയില്‍ നൂറുകണക്കിന് കൊവിഡ് മൃതദേഹങ്ങള്‍ ട്രക്കുകളില്‍, മൃതദേഹങ്ങള്‍ എട്ട് മാസം പഴക്കമുള്ളവ വരെ

freezer truck

ന്യൂയോര്‍ക്ക്: അവകാശികളെ കണ്ടെത്താന്‍ കഴിയാത്തതിനാലും സംസ്‌കാര ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാത്തതിനാലും കൊവിഡ് ബാധിച്ച് മരിച്ചവരുടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇപ്പോഴും വലിയ ഫ്രീസര്‍ ട്രക്കുകളില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്നതായി സിറ്റി അധികൃതര്‍. 650 മൃതദേഹങ്ങളാണ് ഇങ്ങനെ ഫ്രീസര്‍ ട്രക്കുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ എട്ട് മാസം പഴക്കമുള്ള മൃതദേഹങ്ങള്‍ മുതലുണ്ട്.

കൊവിഡ് വ്യാപകമായതോടെ മരിച്ചവരുടെ ശരീരം വേണ്ടപോലെ സൂക്ഷിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ കുറവാണെന്ന് ചീഫ് മെഡിക്കല്‍ എക്‌സാമിനേഴ്‌സ് ഓഫീസ് അറിയിച്ചു. നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇതിനകം ഹാര്‍ട്ട് റെ ഐലന്റില്‍ സംസ്‌കരിച്ചതായി മേയര്‍ ബില്ഡി ബ്ലാസിയോ അറിയിച്ചു. മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്നതിനുള്ള ചെലവ് ഏറ്റവും കുറഞ്ഞത് 6500 ഡോളറാണ്. പണം കണ്ടെത്താന്‍ കഴിയാത്തതിനാലും മരിച്ചവരുടെ അവകാശികളെ കണ്ടെത്താന്‍ കഴിയാത്തതിനാലുമാണ് മൃതദേഹങ്ങള്‍ ഫ്രീസര്‍ ട്രക്കുകളില്‍ സൂക്ഷിച്ചിരിക്കുന്നത്.

ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം 24202 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ഏപ്രില്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്. ഏപ്രില്‍ ഒന്നിന് മാത്രം 1941 മരണമാണ് ന്യൂയോര്‍ക്കില്‍ സംഭവിച്ചത്.

Exit mobile version