സെനഗളില്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയി മടങ്ങിയെത്തിയ 500ലധികം പേര്‍ക്ക് അജ്ഞാത ത്വക്ക് രോഗം; മുഖത്ത് പാടുകളും ദേഹത്ത് ചൊറിച്ചിലും

സെനഗള്‍: സെനഗളില്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയി മടങ്ങിയെത്തിയ 500ലധികം പേര്‍ക്ക് അജ്ഞാതമായ ത്വക്ക് രോഗം കണ്ടെത്തി. തലസ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള തീരങ്ങളില്‍ നിന്നായി കടലിലേക്ക് പോയവര്‍ക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. മുഖത്തും ജനനേന്ദ്രിയത്തിലുമെല്ലാം പാടുകളും, ചൊറിച്ചിലുമാണ് പ്രകടമായ ലക്ഷണങ്ങള്‍. ചിലരില്‍ ഇത് വളരെ ഗൗരവത്തില്‍ തന്നെ കാണപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന് പുറമെ തലവേദന, ചെറിയ പനി തുടങ്ങിയവയും ഇവരില്‍ കാണുന്നുണ്ട്.

രോഗം എന്താണെന്നും രോഗത്തിന്റെ ഉറവിടം എന്താണെന്നും കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട് തന്നെ, രോഗികളെയെല്ലാം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നവംബര്‍ 12നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് എന്നാണ് ലഭ്യമായ വിവരം. തുടര്‍ന്ന് പെട്ടെന്ന് തന്നെ രോഗികളുടെ എണ്ണം വര്‍ധിക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ രോഗികളുടേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ പലതിലും മുഖത്തും ചുണ്ടിലുമെല്ലാം സാരമായ രീതിയില്‍ അണുബാധയുണ്ടായതായാണ് കാണാന്‍ സാധിക്കുന്നത്. കൈകളിലും വലിയ കുമിളകള്‍ പൊങ്ങിയതായി കാണാം.

Exit mobile version