രാമായണത്തിലെയും മഹാഭാരതത്തിലെയും ഇതിഹാസ കഥകള്‍ കേട്ടാണ് വളര്‍ന്നത്; ഓര്‍മ്മക്കുറിപ്പില്‍ ഒബാമ

വാഷിങ്ടണ്‍: ചെറുപ്പം മുതലേ രാമായണത്തിലെയും മഹാഭാരതത്തിലെയും ഇതിഹാസ കഥകള്‍ ശ്രവിച്ചുകൊണ്ടാണ് താന്‍ വളര്‍ന്നതെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ. പുറത്തിറങ്ങാനിരിക്കുന്ന ‘പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന ഓര്‍മക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

ബാല്യകാലം അധികവും ചെലവഴിച്ചത് ഇന്തോനേഷ്യയിലാണ്. ഇന്ത്യയ്ക്ക് എല്ലായ്‌പ്പോഴും തന്റെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം നല്‍കിയിട്ടുണ്ടെന്ന് ഒബാമ പറയുന്നു. ‘ലോക ജനസംഖ്യയുടെ ആറിലൊന്ന് വരുന്ന നിവാസികള്‍ക്കാണ് ഇന്ത്യ വാസം ഒരുക്കുന്നത്, ഏകദേശം രണ്ടായിരം വ്യത്യസ്ത വംശീയ വിഭാഗങ്ങള്‍ ഇവിടെ ജീവിക്കുന്നു.

എഴുനൂറിലധികം ഭാഷകള്‍ ഇന്ത്യന്‍ ജനത സംസാരിക്കുന്നു, കൂടാതെ ഇന്ത്യയുടെ കിഴുക്കാംതൂക്കായ വലുപ്പവും ആയിരിക്കാം ഒരുപക്ഷെ തന്നെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്’, എന്നും ഒബാമ തന്റെ പുതിയ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു.

”ഇന്തോനേഷ്യയില്‍ ചിലവാക്കിയ കുട്ടിക്കാലത്ത് കേട്ട രാമായണ- മഹാഭാരത ഇതിഹാസ കഥകളോ, അല്ലെങ്കില്‍ പൗരസ്ത്യ മതങ്ങളോടുള്ള എന്റെ താല്‍പര്യമോ, അല്ലെങ്കില്‍ പാകിസ്താനില്‍ നിന്നോ, ഇന്ത്യയില്‍ നിന്നോ ലഭിച്ചിട്ടുള്ള കൊളേജ് സുഹൃത്തുക്കളോ ആയിരിക്കാം എനിക്ക് ഇന്ത്യയോടുള്ള ഈ താല്പര്യത്തിന് പിന്നില്‍.

പരിപ്പ് പാകം ചെയ്യാനും ചെറുതായി നുറുക്കിയ ഇറച്ചി ഉപയോഗിച്ചുള്ള പാചകരീതികളും എന്നെ പഠിപ്പിക്കുകയും ബോളിവുഡ് സിനിമകളിലേക്ക് എന്റെ ശ്രദ്ധ തിരിച്ചുവിടുകയും ചെയ്തതും ഈ സുഹൃത്തുക്കള്‍ തന്നെ,”ഒബാമ ഓര്‍മ്മക്കുറിപ്പില്‍ എഴുതുന്നു.

Exit mobile version