‘ഒന്നിനും കൊള്ളാത്തവനായിരുന്നു’; ഒബാമയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഒന്നിനും കൊള്ളാത്ത പ്രസിഡന്റായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസില്‍ കോവിഡ്-19 വ്യാപിച്ചത് ട്രംപ് ഭരണകൂടത്തിന്റെ ഭരണപരാജയം കാരണമെന്ന വിമര്‍ശനത്തിന് ഒബാമയ്ക്ക് മറുപടി നല്‍കുകയായിരുന്നു ട്രംപ്.

‘എനിക്ക് പറയാനുള്ളത് ഇത്രയേയുള്ളൂ, അദ്ദേഹം (ഒബാമ) പ്രാപ്തിയില്ലാത്ത ഒരു പ്രസിഡന്റായിരുന്നു. തികച്ചും ഒന്നിനും കൊള്ളാത്ത പ്രസിഡന്റ്,’- ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഒബാമയെ ഒന്നിനും കൊള്ളാത്ത പ്രസിഡന്റായിരുന്നെന്ന് പറഞ്ഞത്.

കൊറോണ യുഎസില്‍ വ്യാപിക്കുന്നതിന്റെ പ്രധാനകാരണം ഭരണകൂടത്തിന്റെ പരാജയമാണെന്നും നിഷ്‌ക്രിയത്വത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോള്‍ കാണുന്നതെന്നുമായിരുന്നു ഒബാമ കഴിഞ്ഞ ദിവസം പറഞ്ഞത്. ചില ഉദ്യോഗസ്ഥര്‍ പദവികളില്‍ വെറുതെ ഇരിക്കുകയാണെന്നും ഒബാമ കുറ്റപ്പെടുത്തിയിരുന്നു.

സര്‍വ്വകലാശാല ബിരുദദാന ചടങ്ങില്‍ വെച്ചാണ് ഒബാമ ട്രംപിനെ കുറ്റപ്പെടുത്തിയത്. ഇതില്‍ ക്ഷുഭിതനായാണ് ട്രംപ് ഒബാമയെ ഒന്നിനും കൊള്ളാത്ത പ്രസിഡന്റാണെന്നും പ്രാപ്തിയില്ലാത്ത ഒരു പ്രസിഡന്റായിരുന്നുവെന്നും പറഞ്ഞത്.

Exit mobile version