ട്വിറ്ററില്‍ ഗുരുതര സുരക്ഷാ പിഴവ്; ബറാക്ക് ഒബാമ, ബില്‍ ഗേറ്റ്‌സ്, ആമസോണ്‍ മേധാവി ജെഫ് ബെസോസ് അടക്കം പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ, മൈക്രോസോഫ്റ്റ് ഉടമ ബില്‍ഗേറ്റ്സ്, സ്‌പെയ്‌സ് എക്‌സ് സിഇഒ എലോണ്‍ മസ്‌ക്, ആമസോണ്‍ മേധാവി ജെഫ് ബെസോസ് അടക്കം അമേരിക്കയിലെ പ്രമുഖരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ ആവശ്യപ്പെട്ടാണ് പ്രമുഖരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിരിക്കുന്നത്.

ഹാക്ക് ചെയ്യപ്പെട്ട എല്ലാ അക്കൗണ്ടുകളിലെല്ലാം പ്രത്യക്ഷപ്പെട്ടത് ഒരേ സന്ദേശമാണ്- ‘കോവിഡ് കാരണം ഞാന്‍ എന്റെ സമൂഹത്തിന് തിരികെ നല്‍കുകയാണ്! താഴെ നല്‍കിയിരിക്കുന്ന എന്റെ വിലാസത്തിലേക്ക് അയക്കുന്ന ബിറ്റ്കോയിന്റെ ഇരട്ടി തുക ഞാന്‍ നിങ്ങള്‍ക്ക് നല്‍കും. 1000 ഡോളര്‍ നല്‍കിയാല്‍ ഞാന്‍ 2000 ഡോളര്‍ തിരികെ നല്‍കും. അടുത്ത 30 മിനിറ്റ് വരെ മാത്രമേ ഈ സേവനമുണ്ടാകൂ! ആഹ്ലാദിക്കൂ’ എന്നാണ് ഹാക്ക് ചെയ്യപ്പെട്ട ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റ്.

ടെസ്‌ല ഉടമ എലോണ്‍ മസ്‌ക്, ബ്ലൂംബര്‍ഗ് സഹസ്ഥാപകനായ മൈക്കല്‍ ബ്ലൂംബര്‍ഗ്, അമേരിക്കന്‍ റാപ്പര്‍ കന്യെ വെസ്റ്റ്, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ അടക്കമുള്ളവരുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംഭവം പരിശോധിച്ചുവരികയാണെന്നും പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ട്വിറ്റര്‍ വ്യക്തമാക്കി. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് വേരിഫൈഡ് അക്കൗണ്ടുകളില്‍ നിന്ന് തല്‍ക്കാലം ട്വീറ്റ് ചെയ്യാനാകില്ലെന്നും ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്.

Exit mobile version