അമേരിക്കയ്ക്ക് പുതിയ തലവന്‍?, ആത്മവിശ്വാസം കൈവിട്ട് ട്രംപ്, വിജയക്കുതിപ്പില്‍ ബൈഡന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫലങ്ങള്‍ മാറിമറിയുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം അവസാനിക്കാനിരിക്കെ ജോ ബൈഡന്‍ വിജയത്തിനരികെ. 253 ഇലക്ട്രല്‍ വോട്ടുകള്‍ നേടിക്കഴിഞ്ഞ ജോ ബൈഡന്‍ മൂന്നര ശതമാനത്തിന്റെ വോട്ടുവ്യത്യാസം നിലനിര്‍ത്തുന്ന അരിസോണയിലും ഏറക്കുറേ വിജയം ഉറപ്പാക്കി.

അരിസോണയിലെ 11 ഇലക്ട്രല്‍ വോട്ടുകള്‍ കൂടി ചേര്‍ത്താല്‍ ബൈഡന് 264 ഉറപ്പാകും. അങ്ങനെയെങ്കില്‍ ബൈഡന്‍ നേരിയ ലീഡ് നിലനിര്‍ത്തുന്ന നെവാഡ കൂടി പിടിക്കാനായാല്‍ അമേരിക്കയുടെ 46 ാമത്തെ പ്രസിഡന്റായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെടും.

നെവാഡയിലെ ആറ് ഇലക്ട്രല്‍ വോട്ടുകള്‍ കൂടിയാകുമ്പോള്‍ 270 എന്ന മാജിക്ക് നമ്പര്‍ ബൈഡന് തികയ്ക്കാനാകും. എന്നാല്‍ നെവാഡയില്‍ 0.6 ശതമാനത്തിന്റെ നേരിയ ലീഡ് മാത്രമാണ് ബൈഡനുള്ളത്. കഴിഞ്ഞ തവണ ഹിലരി ക്ലിന്റണൊപ്പം നിന്ന സംസ്ഥാനമാണ് നെവാഡ.

അതേസമയം ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന് ക്യാമ്പും പ്രതീക്ഷ കൈവിട്ടിട്ടില്ല. തിരഞ്ഞെടുപ്പ് ഫലത്തില് അട്ടിമറി ആരോപിച്ച് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ട്രംപ് ഇന്നലെ തന്നെ വ്യക്തമാക്കിയതാണ്. ഏറ്റവും ഒടുവില്‍ മിഷിഗണിലെ ഫലം ചോദ്യം ചെയ്ത് അവര് കോടതിയെ സമീപിച്ചു കഴിഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് വീണ്ടും വിജയിക്കണമെങ്കില്‍ വോട്ടെണ്ണല്‍ ശേഷിക്കുന്ന അലാസ്‌ക(3), ജോര്‍ജിയ(16), നോര്ത്ത് കരോലിന(15), പെന്‍സില്‍വാനിയ(20) സംസ്ഥാനങ്ങള്‍ നിലനിര്‍ത്തുകയും ഇപ്പോള്‍ ബൈഡന് നേരിയ ലീഡുള്ള നെവാഡ കൂടി പിടിക്കുകയും വേണം.

അതേസമയം, നെവാഡ് പിടിച്ചെടുക്കാനായില്ലെങ്കില്‍ ട്രംപിന് പരമാവധി 267 ഇലക്ട്രല്‍ വോട്ടുകളെ ലഭിക്കൂ. കാര്യങ്ങള്‍ ട്രംപിന് അനുകൂലമാകുന്നിടത്ത് നിന്ന് സ്വിങ് സ്റ്റേറ്റുകളായ വിസ്‌കോണ്‍സണും മിഷിഗണും ബൈഡന്‍ പിടിച്ചതോടെയാണ് മണിക്കൂറുകള്‍ കഴിയുമ്പോള്‍ മാറിമറിഞ്ഞത്.

Exit mobile version