സമൂഹമാധ്യമങ്ങളിലെ വിലക്കൊഴിവാക്കാന്‍ പുതിയ നീക്കവുമായി ട്രംപ് : സ്വന്തം പ്ലാറ്റ്‌ഫോം തുടങ്ങും

വാഷിംഗ്ടണ്‍ : സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം തുടങ്ങാനൊരുങ്ങി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ആശയങ്ങള്‍ പങ്ക് വയ്ക്കാന്‍ കാത്തിരിക്കുകയാണെന്നും മറ്റുളളവയെപ്പോലെ തന്റെ പ്ലാറ്റ്‌ഫോം അഭിപ്രായസ്വാതന്ത്യത്തിന് വിലക്കിടില്ലെന്നും ബുധനാഴ്ച നടത്തിയ പ്രഖ്യാപനത്തില്‍ ട്രംപ് അറിയിച്ചു.

ട്രൂത്ത് സോഷ്യല്‍ എന്നാണ് പ്ലാറ്റ്‌ഫോമിന്റെ പേര്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ് ആണ് ഇത് ആരംഭിക്കുന്നത്. അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ തന്നെ അമേരിക്കയില്‍ ട്രൂത്ത് സോഷ്യല്‍ തുടക്കം കുറിക്കും. ആപ്പിന്റെ ബീറ്റ വെര്‍ഷന്‍ അടുത്ത മാസം അവതരിപ്പിക്കുമെന്നാണ് വിവരം.

നിരന്തരം വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിധേയമായിരുന്ന ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിരവധി തവണ ടെക് കമ്പനികള്‍ക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ അരങ്ങേറിയ ട്രംപ് അനുകൂല പ്രക്ഷോഭത്തിന്റെ സാഹചര്യത്തില്‍ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ എന്നന്നേക്കുമായി പിന്‍വലിച്ചിരുന്നു. നിരവധി തവണ ഫേസ്ബുക്കും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാപിറ്റോള്‍ കലാപത്തെത്തുടര്‍ന്നാണ് മിക്ക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ട്രംപിന് എന്നന്നേക്കുമായി വിലക്ക് കല്‍പിച്ചത്.

Exit mobile version