കാണാതായ വളര്‍ത്തു പൂച്ച മൂന്നാംനാള്‍ വീട്ടില്‍ തിരിച്ചെത്തി, ഒപ്പം കുറേ കടബാധ്യതകളുമായി, ഞെട്ടിത്തരിച്ച് ഉടമ

കാണാതായ പൂച്ച ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി, പക്ഷേ മടങ്ങി വരവ് കടബാധ്യതയുമായാണ്. പൂച്ച വരുത്തിവച്ച കട ബാധ്യതയുടെ കണക്ക് വ്യക്തമാക്കുന്ന ഒരു കടലാസ് കഴുത്തില്‍ കെട്ടിയിരുന്നു. തായ്‌ലന്‍ഡിലാണ് സംഭവം നടന്നത്.

മൂന്ന് ദിവസമാണ് പൂച്ചയെ കാണാതായത്. അതിന്റെ വിഷമത്തിലായിരുന്നു ഉടമസ്ഥന്‍. എന്നാല്‍ കൃത്യം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പൂച്ച മടങ്ങി എത്തുകയും ചെയ്തു. ഇതോടെ ഉടമ സന്തോഷത്തിലുമായി. എന്നാല്‍ ആ മടങ്ങി വരവ് ഉടമയ്ക്ക് എട്ടിന്റെ പണികൊടുത്തുകൊണ്ടായിരുന്നു.

കാണാതായതിനു ശേഷം വീട്ടിലേയ്ക്ക് തിരികെയെത്തിയ പൂച്ചയെ ദൂരെനിന്ന് തന്നെ കണ്ട ഉടമസ്ഥന് എന്തോ പന്തികേടു തോന്നി. അടുത്തു ചെന്ന് അടിമുടി നോക്കിയപ്പോഴാണ് കഴുത്തിലെ ചെറിയ ടാഗ് ശ്രദ്ധയില്‍പ്പെട്ടത്. ഒരു പ്ലക്കാര്‍ഡില്‍ ഒരു കുറിപ്പ്.

”നിങ്ങളുടെ പൂച്ചയുടെ നോട്ടം എന്റെ സ്റ്റാളിലെ അയലകളിലായിരുന്നു. അതുകൊണ്ട് ഞാന്‍ പൂച്ചയ്ക്ക് മൂന്ന് അയല നല്‍കി’ – കാര്‍ഡിലെ വരികള്‍ ഇങ്ങനെ. കഴിഞ്ഞില്ല, കടയുടമസ്ഥന്റെ പേരും വിലാസവും ഫോണ്‍ നമ്പറും വരെ അതില്‍ കുറിച്ചിരുന്നു.

അതായത് തന്റെ പൂച്ച വരുത്തിവച്ച കട ബാധ്യതയുടെ കണക്ക് കൃത്യമായി പറഞ്ഞാല്‍ മൂന്ന് അയലമീന്‍. ഫേസ്ബുക്ക് പേജായ ‘ചാങ് ഫുവാകി’ലൂടെയാണ് ഈ പൂച്ചയുടെ കട ബാധ്യതയെ കുറിച്ചുള്ള കുറിപ്പ് പ്രചരിക്കുന്നത്. നിമിഷനേരം കൊണ്ട് കുറിപ്പ് വൈറലാവുകയും ചെയ്തു.

Exit mobile version