ഭക്ഷണം കൊടുക്കാനെന്ന വ്യാജേന പൂച്ചയെ അടുത്ത് വിളിച്ചു, ശേഷം തൊഴിച്ച് കടലിലിട്ടു : ഗ്രീക്ക് യുവാവ് അറസ്റ്റില്‍

മൃഗങ്ങളെ ഉപദ്രവിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഒരുപാട് മനുഷ്യരുണ്ട് ലോകത്ത്. വണ്ടിയില്‍ കെട്ടി വലിച്ചും പട്ടിണിക്കിട്ട് കൊന്നുമൊക്കെ എത്രയെത്ര മൃഗങ്ങളാണ് മനുഷ്യന്റെ ക്രൂരതകള്‍ക്കിരയായിരിക്കുന്നത്. ഇത്തരത്തില്‍ മൃഗങ്ങളോടുള്ള മനുഷ്യന്റെ ക്രൂരത വെളിവാക്കുന്ന മറ്റൊരു സംഭവം നടന്നിരിക്കുകയാണ് ഗ്രീസില്‍.

പൂച്ചയെ കടലിലേക്ക് തൊഴിച്ചിട്ടിരിക്കുകയാണ് ഇവിടെ ഒരു യുവാവ്. ഭക്ഷണം നല്‍കാനെന്ന വ്യാജേന പൂച്ചയെ അടുത്തേക്ക് വിളിച്ച് കടലിലേക്ക് തൊഴിച്ചിടുന്ന ഇയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഗ്രീസിലെ എവിയ ദ്വീപിലായിരുന്നു സംഭവം. കടലിന് അഭിമുഖമായി സജ്ജീകരിച്ചിരിക്കുന്ന റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവാണ് അവിടെയുണ്ടായിരുന്ന പൂച്ചക്കുട്ടികളെ ഭക്ഷണം കാണിച്ച് അടുത്തേക്ക് വിളിച്ചത്.

ആദ്യ അടുത്തേക്കെത്തിയ പൂച്ചയെ ഇയാള്‍ കാല് കൊണ്ട് ഒറ്റത്തൊഴി തൊഴിയ്ക്കുകയായിരുന്നു. ഇതിനൊടൊപ്പമുണ്ടായിരുന്ന മറ്റൊരു പൂച്ചയെയും ഇയാള്‍ അരികിലേക്ക് വിളിച്ച് കടലില്‍ തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. യുവാവ് പൂച്ചയെ തള്ളിയിടുന്നത് കണ്ട് സുഹൃത്തുക്കള്‍ ചുറ്റും കൂടി നിന്ന് ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. നിയമപ്രകാരം ഇയാള്‍ക്ക് 10 വര്‍ഷം വരെ കഠിന തടവും കനത്ത തുക പിഴയും ലഭിക്കും. പൂച്ചയെ വെള്ളത്തിലേക്കല്ല തള്ളിയിട്ടതെന്നും ഇതിന് പരിക്കൊന്നും പറ്റിയിട്ടില്ലെന്നും യുവാവ് പോലീസിനെ അറിയിച്ചിട്ടുണ്ട്. താനൊരു മൃഗസ്‌നേഹിയാണെന്നും നിരവധി തെരുവ് മൃഗങ്ങളെ പരിപാലിക്കുന്നുണ്ടെന്നുമാണ് ഇയാളുടെ വാദം. പൂച്ചയ്ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണ സമിതിയും സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version