കാശ്മീർ വിഷയം ചർച്ച ചെയ്ത് പാകിസ്താൻ; ശ്രീരാമ-ഹനുമാൻ സ്തുതി ഗീതങ്ങൾ കേൾപ്പിച്ച് ചർച്ച മുടക്കി ഹാക്കർമാർ; വീഡിയോ വൈറൽ

ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ പാകിസ്താൻ സംഘടിപ്പിച്ച ഔദ്യോഗിക ചർച്ചയിൽ മുഴങ്ങിയത് ശ്രീരാമ-ഹനുമാൻ കീർത്തനങ്ങൾ. പാകിസ്താൻ സംഘടിപ്പിച്ച സൂം ഓൺലൈൻ മീറ്റിങ് ഹാക്ക് ചെയ്ത് ഹാക്കർമാർ ഭക്തി ഗാനം കേൾപ്പിക്കുകയും ചർച്ച തടസപ്പെടുത്തുകയുമായിരുന്നു.

‘ഇന്ത്യ കശ്മീർ കയ്യടക്കിയ 72 വർഷങ്ങൾ’ എന്ന വിഷയത്തിൽ നടക്കുന്ന വീഡിയോ കോൺഫറൻസ് ഫേസ്ബുക്ക് വഴി ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് ഹാക്കർമാർ ഉന്നത സംഘത്തെ കുഴക്കിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദരാണ് ചർച്ചയിൽ പങ്കെടുത്തിരുന്നത്. ഇന്ത്യാവിരുദ്ധമായ ആശയം ഉൾക്കൊള്ളുന്ന ചർച്ചയെ നിരന്തരം ഹാക്കർമാർ ഹനുമാൻ ഗീതങ്ങൾ കേൾപ്പിച്ച് തടസപ്പെടുത്തുകയായിരുന്നു.

അതേസമയം, ഹാക്കർമാരുടെ മൈക്ക് മ്യൂട്ട് ചെയ്യാൻ മറ്റൊരു പ്രതിനിധി ആവശ്യപ്പെടുന്നുണ്ടായിരുന്നുവെങ്കിലും ഹാക്കർമാർ ചർച്ചയ്ക്ക് തടസം സൃഷ്ടിക്കുന്നത് തുടരുകയായിരുന്നു. പാട്ട് കേൾക്കാൻ തുടങ്ങിയ ഉടനെ തന്നെ ‘ഇത് ഞങ്ങൾ പ്രതീക്ഷിച്ചതാണ്’ എന്നായിരുന്നു സംസാരിച്ചുകൊണ്ടിരുന്ന പാക് പ്രതിനിധിയുടെ പ്രതികരണം. ഈ സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുണ്ട്.

Exit mobile version