അംബാസിഡറെ തിരിച്ചുവിളിക്കാൻ പ്രമേയം പാസാക്കി; പിന്നെയാണ് ഓർമ്മ വന്നത് ഫ്രാൻസിൽ അംബാസിഡറില്ലെന്ന്; വീണ്ടും മണ്ടത്തരവുമായി പാകിസ്താൻ

ഇസ്ലാമാബാദ്: ഫ്രഞ്ച് ഭരണകൂടത്തിന്റെ വിവാദപ്രസ്താവനകളോട് പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞ ദിവസമാണ് പാകിസ്താൻ ദേശീയ അസംബ്ലിയിൽ ഫ്രാൻസിനെതിരെ പ്രമേയം പാസാക്കിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ഇസ്ലാമോഫോബിക് പരാമർശങ്ങളിൽ പ്രതിഷേധിച്ചാണ് പാക് ദേശീയ അസംബ്ലി അധോ-ഉപരി സഭകൾ പ്രമേയം പാസാക്കി ഫ്രാൻസിലെ പാക് അംബാസിഡറെ തിരിച്ചുവിളിക്കാൻ തീരുമാനിച്ചത്. എന്നാൽ പിന്നീടാണ് പാക് പത്രം ദ ന്യൂസിൽ വന്ന റിപ്പോർട്ട് കണ്ടപ്പോഴാണ് പാകിസ്താൻ സർക്കാരിന് ഒരു കാര്യം ഓർമ്മ വന്നത്. നിലവിൽ ഫ്രാൻസിൽ പാകിസ്താന് അംബാസിഡർ ഇല്ല.

കഴിഞ്ഞ മൂന്ന് മാസമായി ആ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ് എന്നാണ് റിപ്പോർട്ട്. നേരത്തെ, ഫ്രഞ്ച് അംബാസിഡർ ആയിരുന്ന മോയിൻ ഉൾ ഹഖിനെ പാകിസ്താൻ ചൈനീസ് അംബാസിഡറായി നിയമിച്ചിരുന്നു. പിന്നീട് ഒഴിവുവന്ന പാക് അംബാസിഡർ പദവി ഇതുവരെ നികത്തിയിട്ടില്ല. അതിനിടെയാണ് നിലവിൽ ഇല്ലാത്തയാളെ തിരിച്ചുവിളിക്കാൻ ഒരു പ്രമേയം തന്നെ ദേശീയ അസംബ്ലി പാസാക്കി മണ്ടത്തരം കാണിച്ചിരിക്കുന്നത്.

ഈ കാര്യം വ്യക്തമായി അറിയാവുന്ന പാക് വിദേശകാര്യ മന്ത്രി ഖുറേഷി തന്നെയാണ് ദേശീയ അസംബ്ലിയിൽ പ്രമേയം അവതരിപ്പിച്ചതെന്നതും തമാശയായി. ദ ന്യൂസ് റിപ്പോർട്ട് പ്രകാരം, പാരീസ് എംബസിയിലെ ഡെപ്യൂട്ടി അംബാസിഡറായ മുഹമ്മദ് അജ്മൽ അസീസ് ക്വാസിയാണ് ഇപ്പോൾ ഫ്രാൻസിലുള്ള ഏറ്റവും മുതിർന്ന പാക് നയതന്ത്ര ഉദ്യോഗസ്ഥൻ. പുതിയ പ്രമേയം പാസാക്കിയ സ്ഥിതിയിൽ ഇദ്ദേഹത്തെ തിരിച്ചുവിളിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

നേരത്തെ, പ്രവാചക നിന്ദ ആരോപിച്ച് ചരിത്രാധ്യപകൻ സാമുവൽ പാറ്റിയെ തലയറുത്ത് കൊലപ്പെടുത്തിയ ദാരുണ സംഭവത്തിന് പിന്നാലെ ഫ്രാൻസ് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ നടത്തിയ പരാമർശങ്ങൾ ആഗോള മുസ്ലീം സമൂഹത്തിനെതിരാണ് എന്ന് ആരോപിച്ചാണ് പാകിസ്താൻ ദേശീയ അസംബ്ലിയിൽ തിങ്കളാഴ്ച പ്രമേയം പാസാക്കിയത്.

Exit mobile version