ഇത് അതല്ല! അനുഗ്രഹിച്ചതാ കുഞ്ഞേ! കൈകളുയർത്തിയ പുരോഹിതന് ഹൈഫൈവ് നൽകി മിടുക്കി; ഏറ്റെടുത്ത് സോഷ്യൽമീഡിയ

കുട്ടികളുടെ നിഷ്‌കളങ്കത എപ്പോഴും മനോഹരമാണ്. മുതിർന്നവരുടെ ഗൗരവപ്പെട്ട പ്രവർത്തികളെല്ലാം കുഞ്ഞുങ്ങൾക്ക് അവരവരുടെ കളിതമാശകൾ മാത്രമായിരിക്കും. ഇത്തരത്തിൽ കാര്യമായി അനുഗ്രഹം ചൊരിഞ്ഞ് പ്രാർത്ഥിക്കുന്ന പുരോഹിതന് നിഷ്‌കളങ്കമായി ഹൈഫൈവ് അടിച്ച് പൊട്ടിച്ചിരി ഉയർത്തിയിരിക്കുകയാണ് ഒരു കൊച്ചുപെൺകുട്ടി. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

10 വയസ്സിന് താഴെ മാത്രം പ്രായമുള്ള പെൺകുട്ടിയാണ് വീഡിയോയിലെ താരം. ആദ്യകുർബാന സ്വീകരണമാണ് രംഗം. പാർത്ഥനാ നിർഭരമായ പശ്ചാത്തലത്തിൽ കുട്ടിയുടെ അമ്മ കുട്ടിയേയും കൂട്ടി വികാരിയച്ചന്റെ അടുത്തേക്ക് വരുന്നത് വരെ എല്ലാം സാധാരണപോലെ. പെൺകുട്ടിയെ ആശീർവദിച്ചു പ്രാർത്ഥിക്കാൻ പുരോഹിതൻ കൈകൾ ഉയർത്തിയതോടെയാണ് ആ തമാശ സംഭവിച്ചത്. പുരോഹിതൻ തനിക്ക് ഹൈഫൈവ് (കൈകൾ കൂട്ടിയടിക്കുക) തന്നതാണെന്ന് കരുതി ഒട്ടും സമയം പാഴാക്കാതെ പെൺകുട്ടി തിരിച്ച് ഹൈഫൈവ് നൽകി.

മുതിർന്നവരുടെ ലോകത്ത് അപ്പോഴേക്കും ഈ നിഷ്‌കളങ്ക ചെയ്തിയെ ചൊല്ലി പൊട്ടിച്ചിരി ഉയർന്നിരുന്നു. എന്നാൽ, താൻ ചെയ്തതിലെ തെറ്റെന്ത് എന്ന മുഖഭാവത്തോടെ പെൺകുട്ടി നിന്നപ്പോൾ അമ്മ ഇടപെട്ടാണ് കുട്ടിയുടെ കൈ പിൻവലിച്ചത്.

ഈ വീഡിയോയിലെ ഏറ്റവും ആകർഷണം ഇതിനോടുള്ള പുരോഹിതന്റെ പ്രതികരണമാണ്. ഒരു നിമിഷം സ്തംഭിച്ചു നിന്നെങ്കിലും മനസ്സാന്നിധ്യം വീണ്ടെടുത്ത് പുരോഹിതൻ പ്രാർത്ഥന തുടർന്നു. പക്ഷെ അപ്പോഴും പുരോഹിതൻ തന്നെ ചിരിയടക്കാൻ പാട് പെടുന്നത് വീഡിയോയിൽ കാണാം. സംഭവം മണിക്കൂറുകൾ കൊണ്ടാണ് സോഷ്യൽമീഡിയയിൽ ഹിറ്റായിരിക്കുന്നത്. ധാരാളം പേരാണ് വീഡിയോയിലെ പെൺകുട്ടിയുടെ നിഷ്‌കളങ്കതയെ പ്രശംസിച്ചു പ്രതികരണങ്ങൾ അറിയിക്കുന്നത്.

Exit mobile version