വമ്പന്മാരില്‍ നിന്ന് മോഷണം, പക്ഷേ പണം പാവങ്ങള്‍ക്ക്; വ്യത്യസ്തര്‍ ഈ ഹാക്കര്‍മാര്‍, റോബിന്‍ ഹുഡെന്ന് വിശേഷണം

സ്വന്തം അന്നത്തിനായും അത്യാര്‍ത്തിക്കായും മോഷണം നടത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി മോഷണം നടന്നത് കണ്ടിട്ടുണ്ടോ. എന്നാല്‍ ഉണ്ട്. ഡാര്‍ക്ക്‌സൈഡ് ഹാക്കേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഹാക്കര്‍മാരാണ് മോഷ്ടിക്കുന്ന പണം പാവങ്ങള്‍ക്കായി ദാനം ചെയ്യുന്നത്. പതിനായിരം ഡോളര്‍ വീതം രണ്ട് സംഘടകള്‍ക്ക് ഇവര്‍ നല്‍കിയത്. അതിന്റെ രേഖകളും ഇവര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

‘കമ്പനികള്‍ നല്‍കേണ്ട പണം ഞങ്ങള്‍ എടുത്ത് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുകയാണ്. അത് ന്യായമാണ്. ചില ജീവിതങ്ങളെങ്കിലും മാറ്റാന്‍ ഞങ്ങള്‍ക്കാകും. ആദ്യ സംഭാവനകള്‍ ഞങ്ങള്‍ നല്‍കി കഴിഞ്ഞു’ എന്നാണ് ഹാക്കര്‍മാര്‍ ബ്ലോഗ് പോസ്റ്റില്‍ പറയുന്നത്. പതിനായിരം ഡോളര്‍ സംഭാവന നല്‍കിയതിന്റെ നികുതി ഇളവിന്റെ രസീതും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.

ലോകം കുറേക്കൂടി മെച്ചപ്പെടട്ടെ അതിനായാണ് ഈ കഷ്ടപ്പാടെന്നും സംഘം ഒക്ടോബര്‍ 13 ന് പുറത്ത് വിട്ട ബ്ലോഗ് പോസ്റ്റില്‍ പറയുന്നുണ്ട്. ഇതോടെ സോഷ്യല്‍മീഡിയയില്‍ ഇവര്‍ക്കുള്ള വിശേഷണം റോബിന്‍ ഹുഡ് എന്നാണ്. വമ്പന്‍ കമ്പനികളില്‍ നിന്നു മാത്രമാണ് ഇവര്‍ പണം തട്ടുന്നത്.

ദ വാട്ടര്‍ പ്രൊജക്ട്, ചില്‍ഡ്രന്‍ ഇന്‍ര്‍നാഷണല്‍ എന്നീ ജീവകാരുണ്യ സംഘടനകള്‍ക്കാണ് സംഭാവന നല്‍കിയിരിക്കുന്നത്. ഇന്ത്യക്ക് പുറമേ ഫിലിപ്പീന്‍സ്, കൊളംബിയ, ഇക്വഡോര്‍, സാംബിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഗ്വാട്ടിമാല, ഹോണ്ടുറാസ്, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളിലെ കുട്ടികളേയും കുടുംബങ്ങളേയും സഹായിക്കുകയെന്ന ലക്ഷ്യത്തിലാണ് ചില്‍ഡ്രന്‍ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തനം. അതേസമയം, ഈ സംഭാവന ഏതെങ്കിലും ഹാക്കര്‍മാരുമായി ബന്ധമുള്ളതാണെങ്കില്‍ തങ്ങള്‍ സ്വീകരിക്കില്ലെന്ന ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ വക്താവ് പ്രതികരിച്ചു.

ആഫ്രിക്കയിലെ സഹാറ മരുഭൂമിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ശുദ്ധജലം എത്തിക്കുകയെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണ് വാട്ടര്‍ പ്രൊജക്ട്. ഹാക്കര്‍മാരുടെ സംഭാവനയെക്കുറിച്ച് ഇവരും വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല.

ഹാക്കര്‍മാര്‍ ബിറ്റ്‌കോയിന്‍ ഇടപാടുള്ളവരാണെന്നാണ് യുഎസ് സൈബര്‍ സുരാക്ഷ വിഭാഗം കരുതുന്നത്. ഇവര്‍ സംഭാവനയായി നല്‍കിയ പണം ബിറ്റ്‌കോയിനായാണ് നല്‍കിയിരിക്കുന്നത്. ദ ഗിവിങ് ബ്ലോക്ക് എന്ന അമേരിക്ക ആസ്ഥാനമായുള്ള സേവനദാതാക്കള്‍ വഴിയാണ് ഈ ജീവകാരുണ്യ സംഘടനകള്‍ക്ക് പണം കൈമാറിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

Exit mobile version