വീടുകളില്‍ സ്ഥിരമായി വെള്ളം കയറുന്നതായി പരാതി; അധികൃതര്‍ എത്തി പരിശോധിച്ചപ്പോള്‍ കണ്ടത് അത്ഭുത ലോകം!

തുര്‍ക്കിയിലെ കൂയിസ് നഗരത്തിലെ ഒരു പ്രവിശ്യയിലാണ് സംഭവം. പ്രദേശത്തുള്ള ഏതാനും വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നു

അങ്കാറ: തുര്‍ക്കിയില്‍ വീടുകളില്‍ സ്ഥിരമായി വെള്ളം കയറുന്നു എന്ന് പരാതിയെ തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ അധികൃതര്‍ ഞെട്ടി. തുര്‍ക്കിയിലെ കൂയിസ് നഗരത്തിലെ ഒരു പ്രവിശ്യയിലാണ് സംഭവം. പ്രദേശത്തുള്ള ഏതാനും വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നു.

എന്നാല്‍ എത്ര പരിശോധിച്ചിട്ടും വെള്ളം കയറുന്നതിന്റെ കാരണം കണ്ടെത്താനായില്ല. ജലവിതരണ പൈപ്പ് പൊട്ടിയതാകുമെന്ന് കരുതി നോക്കിയപ്പോള്‍ അതുമല്ല. അപ്പോഴാണ് മുനിസിപ്പല്‍ പ്രവര്‍ത്തകര്‍ക്ക് വര്‍ഷങ്ങള്‍ക്കുമുന്‍പ് ആ പ്രദേശത്ത് അടച്ചിട്ടിരുന്ന ഒരു തുരങ്കത്തിന്റെ കാര്യം ഓര്‍മ്മ വന്നത്. തുടര്‍ന്ന് അധികൃതര്‍ ആ തുരങ്കം തുറന്ന് നോക്കിയപ്പോള്‍ അത്ഭുതവും അമ്പരപ്പുമായിരുന്നു.

ഒരു ഭൂഗര്‍ഭ തുരങ്കവും അതിനടിയില്‍ പ്രാചീനഗരവുമായിരുന്നു. ഇവിടെ വീടുകളും തുരങ്കങ്ങളും പ്രാര്‍ഥനാലയങ്ങളുമൊക്കെയായി ഏകദേശം മൂന്നു മൈല്‍ ദൂരത്തേക്കു വ്യാപിച്ചു കിടക്കുകയായിരുന്നു ആ പുരാതന നഗരം. ഒരു മനുഷ്യ പ്രതിമയും അതോടൊപ്പമുണ്ടായിരുന്നു. ഈ പ്രതിമ നിന്നിരുന്ന ഇടമാണു പ്രാര്‍ഥനയ്ക്കായി നിര്‍മ്മിച്ചതാണെന്ന് കരുതുന്നത്.

ശേഷം പുരാവസ്തു ഗവേഷകരെത്തി പരിശോധിച്ചു. പരിശോധനയില്‍ ആ നഗരത്തിന് ഏകദേശം 5000 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തി. അതോടെ സര്‍ക്കാര്‍ തലത്തില്‍ തന്നെ പ്രദേശത്തെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഈ ഭൂഗര്‍ഭ നഗരത്തിലെ സൗകര്യങ്ങള്‍ ജനങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നെന്നാണു കരുതുന്നത്.

മൃഗങ്ങളെ പാര്‍പ്പിക്കാനുള്ള സ്ഥലമായിട്ടായിരുന്നു ഇത് ഉപയോഗിച്ചിരുന്നതെന്നാണ് കരുതുന്നത്. കാലക്രമേണ അത് ഉപേക്ഷിക്കപ്പെട്ടു. ഏകദേശം 25 വര്‍ഷം മുന്‍പ് നഗരത്തോടു ചേര്‍ന്നുള്ള തുരങ്കത്തിലേക്ക് ഒരു കുട്ടി വഴുതിവീണതോടെ ഭൂഗര്‍ഭ നഗരം പൊതു ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ നഗരത്തന്റെ പ്രാധാന്യം ആരും തിരിച്ചറിഞ്ഞിരുന്നില്ല.

വീണ്ടും അപകട സാധ്യത കണക്കിലെടുത്ത് തുരങ്കം അന്ന് മൂടപ്പെട്ടു. ഒട്ടേറെ പുരാതന ഭൂഗര്‍ഭ നഗരങ്ങള്‍ക്കു പ്രശസ്തമാണ് നെവ്ഷെഹിഷ് പ്രവിശ്യ. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടെ നിരവധി പ്രാചീന നഗരങ്ങള്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

Exit mobile version