‘കൈയില്‍ കിട്ടിയാല്‍ അവര്‍ അവനെ കഷ്ണങ്ങളാക്കും’; ഭീഷണിയെ തുടര്‍ന്ന് നാട് വിട്ട മെസ്സിയുടെ കുഞ്ഞാരാധകന്റെ അമ്മയ്ക്ക് പറയാനുള്ളത്

ലയണല്‍ മെസ്സി ഒപ്പിട്ടു നല്‍കിയ ടീഷര്‍ട്ടണിഞ്ഞ് ലോകത്തിന്റെ ശ്രദ്ധ നേടിയ അഫ്ഗാന്‍ കുട്ടി മുര്‍ത്താസ അഹമ്മദി താലിബാന്‍ ഭീഷണിയെത്തുടര്‍ന്ന് നാടുവിട്ടു.

കാബൂള്‍: ‘ കൈയില്‍ കിട്ടിയാല്‍ അവരവനെ കഷ്ണങ്ങളാക്കും’ മെസ്സിയുടെ കുഞ്ഞാരാധകന്റെ അമ്മയുടെ വാക്കുകള്‍ ആണിത്. ലയണല്‍ മെസ്സി ഒപ്പിട്ടു നല്‍കിയ ടീഷര്‍ട്ടണിഞ്ഞ് ലോകത്തിന്റെ ശ്രദ്ധ നേടിയ അഫ്ഗാന്‍ കുട്ടി മുര്‍ത്താസ അഹമ്മദി താലിബാന്‍ ഭീഷണിയെത്തുടര്‍ന്ന് നാടുവിട്ടു. ഒരു അര്‍ധരാത്രി തൊട്ടരികെ വെടിയൊച്ചകള്‍ മുഴങ്ങിയപ്പോള്‍ മുര്‍ത്താസയുടെ കുടുംബം ഓടിരക്ഷപ്പെടുകയായിരുന്നു.

വീട്ടിലുള്ളതൊന്നും എടുക്കാനായില്ല, മെസ്സി ഒപ്പിട്ടുനല്‍കിയ ആ ഷര്‍ട്ട് പോലും. ഘസ്‌നി പ്രവിശ്യയിലാണ് ഏഴു വയസ്സുകാരനായ മുര്‍ത്താസയുടെ കുടുംബം താമസിച്ചിരുന്നത്. മുമ്പ് സമാധാനം നിലനിന്ന മേഖലയായിരുന്നു ഇത്. എന്നാല്‍ മുര്‍ത്താസ പ്രസിദ്ധനായതോടെ താലിബാന്റെ ഭീഷണിയുണ്ടായി.

മെസ്സിയുടെ പത്താം നമ്പര്‍ കുപ്പായമിട്ടു നില്‍ക്കുന്ന മുര്‍ത്താസയുടെ ചിത്രം രണ്ട് വര്‍ഷം മുമ്പ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് മെസ്സിയുടെ ശ്രദ്ധയിലുമെത്തി. ആ വര്‍ഷം ദോഹയില്‍ വെച്ച് മെസ്സി അവനുമായി കണ്ടുമുട്ടി. ഓട്ടോഗ്രാഫോടെ സ്വന്തം ജേഴ്‌സിയും നല്‍കി. യൂണിസെഫ് വഴി ആ കുടുംബത്തിന് സഹായമെത്തിക്കുകയും ചെയ്തു. എന്നാല്‍, കുടുംബത്തിന്റെ സന്തോഷം അധികം നീണ്ടില്ല. കാബൂളിലെ ഒരിടുങ്ങിയ മുറിയില്‍ ഞെരുങ്ങിക്കഴിയുകയാണ് ഇന്ന് ആ കുടുംബം.

ഘസ്‌നി പ്രവിശ്യയില്‍ നിന്ന് നാലായിരത്തോളം കുടുംബങ്ങളാണ് രക്ഷപ്പെട്ടത്. നൂറുകണക്കിനാളുകള്‍ അവിടെ കൊല്ലപ്പെടുകയും ചെയ്തു. മുര്‍ത്താസയെ ഭീകരര്‍ അന്വേഷിക്കുന്നു എന്ന് കുടുംബത്തിന് വിവരം ലഭിച്ചിരുന്നു. ”കൈയില്‍ കിട്ടിയാല്‍ അവരവനെ കഷണമാക്കും”- മുര്‍ത്താസയുടെ അമ്മ പറയുന്നു.

ഈ വര്‍ഷം മൂന്നുലക്ഷത്തോളം അഫ്ഗാനികള്‍ വീടുപേക്ഷിച്ച് അഭയാര്‍ഥികേന്ദ്രങ്ങളിലെത്തിയതായാണ് കണക്ക്. ഇതില്‍ 58 ശതമാനത്തോളം 18 വയസ്സില്‍ താഴെയുള്ളവരാണ്. ”എനിക്ക് മെസ്സിയെ നഷ്ടമായി, അദ്ദേഹം നല്‍കിയ ജേഴ്‌സി നഷ്ടമായി. എന്നാണാവോ അത് തിരികെക്കിട്ടുക?” – മുര്‍ത്താസ ചോദിക്കുന്നു.

Exit mobile version