അവര്‍ ദൈവത്തിന്റെ മക്കള്‍, കുടുംബമായി ജീവിക്കാന്‍ അവര്‍ക്കും അവകാശമുണ്ട്; സ്വവര്‍ഗാനുരാഗികളെ പിന്തുണച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

റോം: സ്വവര്‍ഗ പങ്കാളികളെ പിന്തുണച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്ന് ഫ്രാന്‍സിസ് മാര്പ്പാപ്പ ആവശ്യപ്പെട്ടു. അടുത്തിടെയായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയിലാണ് സ്വവര്‍ഗാനുരാഗികളെ പിന്തുണച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ പരാമര്‍ശം.

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ചുമതല ഏറ്റെടുത്ത കാലം മുതല്‍ സ്വവര്‍ഗാനുരാഗികളുടെ കാര്യത്തില്‍ സഹിഷ്ണുതയോടെയുള്ള നിലപാട് സ്വീകരിച്ചുപോന്ന മാര്‍പാപ്പയുടെ പരാമര്‍ശം സഭയുടെ നിലപാടില്‍തന്നെ മാറ്റം വരുന്നുവെന്ന സൂചന നല്കുന്നതാണെന്ന് മാധ്യമങ്ങള്‍ പറയുന്നു.

‘സ്വവര്‍ഗ പങ്കാളികളുടെ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്നാണ് താന്‍ കരുതുന്നത്. സ്വവര്‍ഗ പ്രണയികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ട്. അവര്‍ ദൈവത്തിന്റെ മക്കളാണ്. അവര്‍ക്കും കുടുംബമായി ജീവിക്കാന്‍ അവകാശമുണ്ട്.’ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.

സ്വവര്‍ഗ വിവാഹങ്ങളെ സഭ എക്കാലത്തും എതിര്‍ക്കുകയാണ് ചെയ്തിരുന്നത്. സ്വവര്‍ഗ പങ്കാളികളെ ബഹുമാനിക്കുന്നത് സ്വവര്‍ഗാനുരാഗത്തെ അംഗീകരിക്കുകയോ അതിന് നിയമപരമായ സംരക്ഷണം നല്കുകയോ ചെയ്യുന്ന തരത്തിലേക്ക് പോകരുതെന്നാണ് സഭ പഠിപ്പിച്ചിട്ടുള്ളത്.

Exit mobile version