അന്ന് തൂപ്പുകാരി, ഇന്ന് അതേ ആശുപത്രിയില്‍ അംഗീകൃത നഴ്‌സ്; ഇത് 10 വര്‍ഷത്തെ കഠിനാധ്വാനം, പങ്കുവെച്ച് യുവതി

തൂപ്പുകാരിയായി ജോലി ചെയ്ത ആശുപത്രിയില്‍ അംഗീകൃത നഴ്‌സായി ജോലി നേടിയ യുവതിയുടെ കുറിപ്പാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ആശുപത്രിയിലെ ക്ലീനിങ്, മേല്‍നോട്ട ജോലിയില്‍ നിന്നാണ് അംഗീകൃത നഴ്‌സായി ഉദ്യോഗക്കയറ്റം ലഭിച്ചത്. ജെയ്ന്‍സ് ആന്‍ഡ്രേഡ്‌സ് എന്ന യുവതിയാണ് ഏവര്‍ക്കും പ്രചോദനമാകുന്നത്.

ന്യൂയോര്‍ക്കിലെ ബഫാലോ സ്വദേശിയാണ് ആന്‍ഡ്രേഡ്‌സ്. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് മസാചുസെറ്റ്‌സിലെ ബേസ്റ്റേറ്റ് മെഡിക്കല്‍ സെന്ററില്‍ കസ്റ്റോഡിയല്‍ സ്റ്റാഫായാണ് ആന്‍ഡ്രേഡ്‌സിന്റെ തുടക്കം. എന്നാല്‍ ആരോഗ്യമേഖലയില്‍ അഭിരുചി പ്രകടിപ്പിച്ചിരുന്ന ആന്‍ഡ്രേഡ്‌സ് പതിയെ നഴ്‌സിങ് രംഗത്തെക്കുറിച്ച് പഠിച്ചു തുടങ്ങുകയായിരുന്നു. അതേ ആശുപത്രിയിലെ നഴ്‌സിങ് സ്‌കൂളില്‍ പഠിച്ച് ബിരുദം കരസ്ഥമാക്കിയ ആന്‍ഡ്രേഡ്‌സ് ഇന്ന് അവിടെ ട്രോമാ സര്‍ജറി വിഭാഗത്തിലെ നഴ്‌സായി ജോലി നേടുകയായിരുന്നു.

താന്‍ തൂപ്പുജോലിയെടുത്ത അതേ ആശുപത്രിയില്‍ ഇന്ന് നഴ്‌സായി ജോലി ചെയ്യുന്നു. പത്തുവര്‍ഷത്തെ കഠിനാധ്വാനത്തിന് ഫലമുണ്ടായി എന്നു പറഞ്ഞാണ് ആന്‍ഡ്രേഡ്‌സ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. ഒപ്പം തന്റെ ഉദ്യോഗക്കയറ്റത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡുകളും പങ്കുവച്ചിട്ടുണ്ട്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും നിറഞ്ഞു കഴിഞ്ഞു.

Exit mobile version