യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് താലിബാൻ; ആ പിന്തുണ വേണ്ടെന്ന് ട്രംപ്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റായി വീണ്ടും ഡൊണാൾഡ് ട്രംപിനെ തെരഞ്ഞെടുക്കുന്നത് ഗുണം ചെയ്യുമെന്ന് പ്രതികരിച്ച് താലിബാൻ. യുഎസ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ പിന്തുണച്ചാണ് താലിബാൻ സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചത്. താലിബാൻ വക്താവ് സബിഹുള്ള മുജാഹിദാണ് അഭിമുഖം നൽകിയത്.

‘അമേരിക്കൻ പ്രസിഡന്റായി ട്രംപ് രണ്ടാം വട്ടവും തെരഞ്ഞടുക്കപ്പെട്ടാൽ അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സേനയെ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നു’,-സബിഹുള്ള മുജാഹിദിന്റെ പ്രതികരണമിങ്ങനെ. അതേസമയം, അടുത്ത ക്രിസ്തുമസോടെ അഫ്ഗാനിസ്ഥാനിലെ എല്ലാ അമേരിക്കൻ സേനയേയും പിൻവലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷമാണ് താലിബാൻ ട്രംപിന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്.

കൊവിഡ് പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിൽ താലിബാൻ ആശങ്കയും അറിയിച്ചിട്ടുണ്ട്. ട്രംപിന് കൊവിഡ് പോസിറ്റീവായ വാർത്ത അറിഞ്ഞപ്പോൾ ആശങ്കയുണ്ടായെന്നും താലിബാന്റെ മറ്റൊരു മുതിർന്ന നേതാവ് സിബിഎസ് ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം, ഡൊണാൾഡ് ട്രംപിനെ താലിബാൻ പിന്തുണച്ചത് ട്രംപ് പാളയത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. താലിബാന്റെ പിന്തുണ തങ്ങൾക്കാവശ്യമില്ലെന്ന് ട്രംപിന്റെ പ്രതിനിധി അറിയിച്ചു. ‘അമേരിക്കൻ പ്രസിഡന്റ് അമേരിക്കൻ താത്പര്യങ്ങൾ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നത് താലിബാൻ ഓർക്കണമെന്ന് ട്രംപ് വക്താവ് ടിം മുർട്ടോ സിബിഎസിനോട് പറഞ്ഞു.

Exit mobile version