‘ഈ വര്‍ഷം അവസാനത്തോടെ കോവിഡ് വാക്‌സിന്‍ തയ്യാറാവും’; പ്രതീക്ഷ നല്‍കി ലോകാരോഗ്യ സംഘടനാ മേധാവി

ജനീവ: ലോകത്താകമാനം കോവിഡ് വ്യാപിക്കുകയാണ്. കോടിക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്. ലക്ഷങ്ങള്‍ മരിച്ചുവീഴുകയും ചെയ്തു. കോവിഡ് ഭീതിയില്‍ കഴിയുന്ന ലോകജനത ഒന്നടങ്കം വൈറസിനെ പിടിച്ചുകെട്ടാനുള്ള പ്രതിരോധ മരുന്നിനായുള്ള കാത്തിരിപ്പിലാണ്.

മിക്ക രാജ്യങ്ങളും വാക്‌സിനായുള്ള പരീക്ഷണശാലയിലാണ്. ഈ വര്‍ഷം അവസാനത്തോടെ കോവിഡ് 19നെതിരായ പ്രതിരോധ വാക്‌സിന്‍ തയ്യാറാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്.

രണ്ടുദിവസം നീണ്ടുനിന്ന ഡബ്ല്യൂ.എച്ച്.ഒ എക്‌സിക്യുട്ടീവ് യോഗത്തിന്റെ അവസാനദിനമായ ചൊവ്വാഴ്ച യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘നമുക്ക് വൈകാതെ വാക്‌സിന്‍ ആവശ്യമുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്,’ ടെഡ്രോസ് പറഞ്ഞു. ഒമ്പതോളം വാക്‌സിനുകളുടെ വികസന-പരീക്ഷണ പ്രക്രിയകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2021 അവസാനത്തോടെ 200 കോടി ഡോസുകള്‍ വിതരണം ചെയ്യാനാണ് ലോകാരോഗ്യസംഘടന നേതൃത്വം നല്കുന്ന കോവാക്‌സ് ലക്ഷ്യമിടുന്നത്.

Exit mobile version